pta

കോന്നി : പ്രമാടത്ത് വിവാഹസൽക്കാരത്തിൽ പങ്കെടുത്ത വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒന്നാം വാർഡായ മറൂരിനെ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. ഒരാഴ്ചതേക്കാണ് പ്രാഥമിക നിയന്ത്രണം.

വിവാഹ സൽക്കാര ചടങ്ങിയ പങ്കെടുത്ത വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വധൂവരൻമാർ ഉൾപ്പടെ 22 പേർ വീടുകളിൽ ക്വാറന്റൈനിലാണ്. ഇതിൽ ചിലർക്ക് പനി ഉൾപ്പടെയുള്ള ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. സമൂഹ വ്യാപന ഭീതിയെ തുടർന്ന് പ്രദേശത്ത് ഗ്രമപഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസും അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കുളപ്പാറ ധർമ്മശാസ്താ ക്ഷേത്രത്തിനും കുരിശ് പടിയ്ക്കും ഇടയിലുള്ള വീട്ടിൽ യുവാവിന്റെ വിവാഹം നടന്നത്. അന്ന് വൈകിട്ട് മൂന്ന് മുതൽ രാത്രിവരെ വരന്റെ വീട്ടിൽ സൽക്കാരമുണ്ടായിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്ത ഇവരുടെ ബന്ധുവായ കുളത്തുമൺ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കുമ്പഴ മത്സ്യ മാർക്ക​റ്റിലും കടയിലും ജോലി ചെയ്യുന്ന ഇദ്ദേഹം വീട്ടിൽ നിരീക്ഷണിത്തിൽ കഴിയുന്നതിനിടെയാണ് സൽക്കാരത്തിൽ പങ്കെടുത്തത്. ജനങ്ങൾ ജാഗ്രത പാലിയ്ക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അറിയിച്ചു. പൂങ്കാവ്, വി.കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സാമൂഹ്യ അകലംപോലും പാലിക്കപ്പെടുന്നില്ല. കടകളിൽ സാനിറ്റൈസറും സാമൂഹ്യ അകലവും ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടികളിലേക്ക് പോകുമെന്നും റോബിൻ പീറ്റർ അറിയിച്ചു.