devaswam-board-

പത്തനംതിട്ട: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ക്ഷേത്രങ്ങളിൽ വരുമാനം നിലച്ചതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ജീവനക്കാർക്ക് സെപ്തംബർ മാസത്തെ വരെ ശമ്പളം കൊടുക്കാൻ കഴിഞ്ഞേക്കും. സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

ക്ഷേത്രങ്ങളിലും സ്ട്രോംഗ് റൂമുകളിലും സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ ബാങ്ക് സ്ഥിര നിക്ഷേപമാക്കി പലിശത്തുക ശമ്പളത്തിന് വിനിയോഗിക്കാമെന്നതാണ് ഒരു പോംവഴി. പൊട്ടിയതും ഉപയോഗ ശൂന്യവുമായ വിളക്കുകൾ, ഉരുളി, മണി തുടങ്ങിയവ ലേലത്തിൽ വിൽക്കുകയാണ് മറ്റൊരു മാർഗം. ഗുരുവായൂർ ദേവസ്വത്തിന് ഇങ്ങനെ വർഷം 10കോടി ലഭിക്കുന്നുണ്ട്.

ഹൈക്കോടതി അനുമതിയോടെ നടക്കുന്ന ആഭരണങ്ങളുടെയും വഴിപാട് സാധനങ്ങളുടെയും കണക്കെടുപ്പുകൾ അടുത്തമാസം പൂർത്തിയാകും. ആഭരണങ്ങൾ 1000 കിലോഗ്രാമിലധികം വരുമെന്നാണ് നിഗമനം. പല ക്ഷേത്രങ്ങളിലും ടൺ കണക്കിന് സാധനങ്ങൾ കെട്ടിക്കിടക്കുന്നു.

@ ദേവസ്വം ബോർഡ് ജീവനക്കാർ 5600.

@ ശമ്പളത്തിന് പ്രതിമാസം 30 കോടി.

@ പെൻഷന് 10 കോടി.

@ ആകെ ക്ഷേത്രങ്ങൾ 1248.

@ പ്രതിവർഷം വഴിപാട്, കാണിക്ക വരുമാനം 1200 കോടി.

ശബരിമല ലേലവും പ്രതിസന്ധിയിൽ

തീർത്ഥാടനം ഉൾപ്പെടെ അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമലയിലെ ലേലം പ്രതിസന്ധിയിലാണ്. ലേലത്തുക 50 കോടി വരെയാണ്. 2018ൽ പ്രളയത്തെ തുടർന്ന് പകുതിയായി കുറഞ്ഞു. കഴിഞ്ഞ വർഷം 35 കോടി ലഭിച്ചു.

'' സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. സർക്കാരിന്റെ സഹായമില്ലാതെ മുന്നോട്ടു പോകാനാവില്ല. ആചാരപരമായി ഉപയോഗമില്ലാത്ത ആഭരണങ്ങൾ ബാങ്ക് നിക്ഷേപമാക്കാനും വഴിപാട് സാധനങ്ങൾ ലേലം ചെയ്യാനും ആലോചനയുണ്ട്.

എൻ. വാസു,

ദേവസ്വം ബോർഡ് പ്രസിഡന്റ്.