bed

തിരുവല്ല: കൊവിഡ് 19 രോഗബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവല്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കും. മാത്യു ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന വീഡിയോ കോൺഫറൻസ് യോഗത്തിലാണ് തീരുമാനമായത്. നഗരസഭ പ്രദേശത്ത് 250 ബെഡും പഞ്ചായത്ത് പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞത് 100 ബെഡും വീതം കണ്ടെത്തണമെന്നാണ് സർക്കാർ നിർദ്ദേശം. ഇതുപ്രകാരം തിരുവല്ലയിൽ 1350 ബെഡുകൾ കണ്ടെത്താനാകുമെന്ന് മാത്യു.ടി.തോമസ് എം.എൽ.എ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ തീവ്രത ഉൾക്കൊണ്ട് എല്ലാ പഞ്ചായത്തുകളും രോഗത്തെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും എം.എൽ.എ നിർദേശിച്ചു. കൂടുതൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുമ്പോൾ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാനും ജാഗ്രത നിർദേശങ്ങൾ നൽകാനും ബന്ധപ്പെട്ട വകുപ്പ് ഉദ്യേഗസ്ഥർക്ക് നിർദേശം നൽകി.
ജില്ലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ മേൽനോട്ടത്തിനായി സർക്കാർ നിയമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ എസ്. ചന്ദ്രശേഖറിന്റെയും തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയലിന്റെയും സാന്നിദ്ധ്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗം ചേർന്നത്. നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾ, എൽ.എ.ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, തിരുവല്ല തഹസിൽദാർ മിനി കെ. തോമസ്, മല്ലപ്പള്ളി തഹസിൽദാർ എം.ടി. ജയിംസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.