തിരുവല്ല: അയൽവാസിയുടെ സ്വഭാവ വൈകൃതം മറ്റുള്ളവരുടെ സ്വൈര്യജീവിതം തകർക്കുന്നതായി പരാതി. മദ്യപിച്ച് അയൽവാസികളെ അസഭ്യം പറയുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും വീടിന് നേരെ അക്രമം നടത്തുകയും ചെയ്യുന്നെന്ന പരാതിയിൽ മഞ്ഞാടി ചാമക്കാലയിൽ ജോൺ ചാക്കോയ്ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഇയാളുടെ ബഹളം കാരണം സമീപവീടുകളിലെ കുട്ടികൾക്ക് പഠിക്കാൻപോലും കഴിയുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ജാതി പറഞ്ഞ് ആക്ഷേപിച്ച് പ്രകോപനം സൃഷ്ടിക്കാനും ശ്രമിക്കും. ജില്ലാ കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടും ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ല. നഗരസഭാ കൗൺസിലറും പൊലീസിൽ പരാതി നൽകിയിരുന്നു. അടുത്തിടെ സമീപത്തെ ശ്രീധരന്റെ വീടിന്റെ ജനാലച്ചില്ലുകൾ ഇയാൾ കുത്തിപ്പൊട്ടിച്ചു. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസികൾ മുഖ്യമന്ത്രിക്കും പരാതി നൽകി.