അടൂർ : കൊവിഡ് സമ്പർക്ക വ്യാപനം കൂടുന്നതിനാൽ അടൂർ നഗരസഭയിലെ എല്ലാ വാർഡും 7 ദിവസത്തേക്ക് പൂർണ്ണമായും കണ്ടെയ്ൻമെൻറ് സോണാക്കുവാൻ ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ആർ.ഡി.ഒ ആഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇന്നലെ വൈകിട്ട് 5 മുതൽ പ്രാബല്യത്തിൽ വരുത്തക്ക നിലയിലാണ് തീരുമാനം. നഗരം വീണ്ടും ലോക്ക് ഡൗണായതോടെ അവശ്യസേവനങ്ങൾ രാവിലെ 7മുതൽ വൈകിട്ട് 5വരെ ലഭിക്കും. നഗരത്തിലേക്ക് വരുന്ന പ്രധാന പാതകളുടെ നഗരസഭയിലെ അതിർത്തി പ്രദേശങ്ങളിലും നെല്ലിമൂട്ടിപ്പടി, അടൂർ ടൗൺ, പറക്കോട്, തട്ട റോഡ്, അടൂർ ബി.എച്ച്.എസ് ജംഗ്ഷൻ, ആനന്ദപ്പള്ളി എന്നിവിടങ്ങളിലും പൊലീസ് ചെക്ക് പോസ്റ്റ് ഏർപ്പെടുത്തും. നഗരസഭാ പരിധിയിൽ അടിയന്തര സാഹചര്യത്തിൽ രേഖകൾ ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസ് എടുക്കും. നഗരസഭയിലെ വാർഡുകളായ 5,20, 21, 22, 24, 26, 27, ഏഴംകുളം പഞ്ചായത്തിലെ വാർഡ് 6,17, ഏറത്ത് പഞ്ചായത്തിലെ 11, 13, 15 എന്നിവിടങ്ങളിൽ ജില്ലാ ഹോമിയോപ്പതി വകുപ്പ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും.
പ്രധാന തീരുമാനങ്ങൾ
പൊലീസ്, റവന്യൂ, പഞ്ചായത്ത്, ഹെൽത്ത്, എന്നിരുടെ സംയുക്ത സ്ക്വാഡ് പ്രവർത്തിക്കും.
ഏഴ് കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ആവശ്യമായ തെർമ്മൻ സ്കാനറുകളും വോളണ്ടിയർമാരേയും നഗരസഭ ലഭ്യമാക്കും.
മുനിസപ്പൽ പ്രദേശത്തെ വഴിയോര കച്ചവടവും വീടുകൾ കയറിയുള്ള കച്ചവടവും പൂർണ്ണമായും നിരോധിക്കും.
റേഷൻകടകൾ രാവിലെ 10 മുതൽ 1 മണിവരെയും ബാങ്കുകൾ 2 മണിവരെയും പ്രവർത്തിക്കും.
മറ്റു അവശ്യ സർവ്വീസുകൾ പ്രവർത്തിക്കും.
ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്
ജനറൽ ആശുപത്രിയിലെ കൊവിഡ് ബാധിതയായ ഗൈനക്കോളജി ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട അടൂർ പന്നിവിഴ സ്വദേശിനിയായ ഒരു നഴ്സിന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഇവർ കഴിഞ്ഞ ദിവസങ്ങളിൽ ഡ്യൂട്ടി നോക്കിയിരുന്നു.