പത്തനംതിട്ട: കൊവിഡ് സമ്പർക്ക രോഗികളുടെ എണ്ണം ജില്ലയിൽ കുതിച്ചുയരുമ്പോൾ യാതൊരു സുരക്ഷയുമില്ലാതെ റേഷൻ വ്യാപാരികൾ. കടകളിൽ സാധനങ്ങൾ വാങ്ങനെത്തുന്നവർ ഇ പോസ് യന്ത്രത്തിൽ വിരലുകൾ പതിക്കുന്നത് രോഗ വ്യാപനത്തിനിടയാക്കുമെന്ന് ആശങ്ക ഉയർത്തുന്നു. സാധനങ്ങൾ വാങ്ങാൻ ക്യു നിൽക്കുന്നവർ മിനിട്ടുകളുടെ വ്യത്യാസത്തിലാണ് മെഷിനിൽ കൈവിരലുകൾ പതിപ്പിക്കുന്നത്. ഒരാൾ വിരൽ അമർത്തുന്നതിനു തൊട്ടുപിന്നാലെ അടുത്തയാൾ വിരൽ വയ്ക്കുകയാണ്. ഒരു റേഷൻ കടയിൽ ദിവസം ശരാശരി 80 പേർ സാധനങ്ങൾ വാങ്ങാനെത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മഞ്ഞ, ചുവപ്പ് കാർഡ് ഉടമകൾ മാസത്തിൽ രണ്ട് തവണ സാധനങ്ങൾ വാങ്ങാനെത്തുന്നുണ്ട്. കാർഡ് ഉടമകൾ മാസ്ക് ധരിക്കുന്നുണ്ടെങ്കിലും ഇ പോസ് യന്ത്രത്തിൽ വിരൽ പതിപ്പിക്കുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്നാണ് വ്യാപാരികളുടെ ആശങ്ക. റേഷൻ കട ഉടമകൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ സർക്കാർ നൽകിയിട്ടില്ല. കൊവിഡ് നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം ഒരു സാനിട്ടൈസറും രണ്ട് മാസ്കുമാണ് ഒരു വ്യാപാരിക്ക് ലഭിച്ചിട്ടുള്ളത്. കടകൾ ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തിക്കാൻ അനുവദിക്കുകയും ഇന്റർനെറ്റ് സംവിധാനം കാര്യക്ഷമമാക്കുകയും വേണം.

ലോക് ഡൗൺ കാലത്ത് സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പൊലീസിന്റെ സിവിൽ സപ്ളൈസ് അധികൃതരുടെയും നിരീക്ഷണമുണ്ടായിരുന്നു. അപ്പോഴും വ്യാപാരികൾക്കാവശ്യമായി സുരക്ഷാ ഉപകരണങ്ങൾ നൽകിയിരുന്നില്ല.

വ്യാപാരികളുടെ ആവശ്യം

കൊവിഡ് സമൂഹ വ്യാപനത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ ഈ പോസിൽ വിരൽ പതിപ്പിക്കുന്നത് തൽക്കാലത്തേക്ക് നിറുത്തിവയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇ പോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിക്കാറില്ല. ഇന്റർ നെറ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

ജില്ലയിലെ ആകെ റേഷൻ കടകൾ 837

" റേഷൻ കട ഉടമകളും മനുഷ്യരാണ്. ദിവസവും നിരവധി ആളുകൾ റേഷൻ ക‌ടകളിൽ എത്തുന്നു. ഇ പോസ് മെഷിനിൽ വിരൽ പതിപ്പിച്ച് രോഗം വാങ്ങിക്കൊണ്ടു പോകുന്ന സാഹചര്യം ഒഴിവാക്കണം. കൂടുതൽ സാനിട്ടൈസറുകളും മാസ്കുകളും റേഷൻ കടകളിൽ എത്തിക്കണം.

എം.ബി.സത്യൻ

(കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ

ഡീലേഴ്സ് അസാേസിയേഷൻ ജില്ലാ പ്രസിഡന്റ്)