20-nellikala
നെല്ലിക്കാലാ ആലുങ്കൽ റോഡ്

നാരങ്ങാനം: നെല്ലിക്കാലാ ആലുങ്കൽ റോഡിൽ കലുങ്കും, കാനയും നവീകരിക്കാതെ ഉന്നത നിലവാരത്തിലുള്ള ബി.എം.ആൻ‌‌ഡ് ബി.സി ടാറിംഗ് നടത്തുന്നതിനുള്ള തിരക്കിട്ട പണിയെന്ന് ആക്ഷേപം. കൈവരി ഇല്ലാത്തതും മണ്ണുമൂടിക്കിടക്കുന്നതുമായ കലുങ്കുകൾ അങ്ങനെ തന്നെ നിലനിറുത്തി മെറ്റലിംഗ് നടക്കുകയാണ്.പല കലുങ്കുകളും മണ്ണിട്ട് മൂടി മെറ്റലിംഗ് നടത്തിക്കഴിഞ്ഞു. അത്യാവശ്യം കാന വേണ്ട യിടങ്ങളിൽ പോലും നിർമ്മാണം നടത്തിയിട്ടില്ല. പഴയ ടാറിംഗിനോട് ചേർന്ന് ഇടിഞ്ഞു പോയ സംരക്ഷണ ഭിത്തികളും കെട്ടിയിട്ടില്ല. നാലു കിലോമീറ്റർ നീളമുള്ള നെല്ലിക്കാല ആലുങ്കൽ റോഡിൽ ഒരു കിലോമീറ്റർ ദൂരത്തിൽ എങ്കിലും സംരക്ഷണഭിത്തി അത്യാവശ്യമാണ്. മൊത്തം പത്തര കിലോമീറ്റർ ദൂരം വരുന്ന മഹാണിമല വെട്ടിപ്പുറം, നെല്ലിക്കാല ആലുങ്കൽ റോഡുകൾക്കായി 10.6 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഒരു കിലോമീറ്ററിന് ഒരു കോടി രൂപയോളം. ഓരോ കലുങ്കിലും ഓരോ തോട് വന്ന് ചേരുന്ന പ്രദേശമായതിനാൽ കലുങ്ക് നന്നാക്കിയില്ലെങ്കിൽ റോഡിലൂടെ മലവെള്ളത്തിന്റെ കുത്തൊഴുക്കാണ് ഉണ്ടാകുന്നത്. ടാറിംഗിനേക്കാൾ ഇവിടെ ആവശ്യം കാനയും കലുങ്കുകളും ഇടിഞ്ഞ ഭാഗങ്ങളിലെ സംരക്ഷണഭിത്തിയുമാണെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. സംരക്ഷണഭിത്തി കെട്ടാതെ ടാറിംഗ് പൂർത്തിയാക്കിയാൽ ഇവിടെ അപകടം വർദ്ധിക്കാൻ കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.

നെല്ലിക്കാല മുതൽ ആലുങ്കൽ വരെ 27 കലുങ്കുകൾ

നെല്ലിക്കാല മുതൽ ആലുങ്കൽ വരെ നാലു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 27 കലുങ്കുകൾ ഉണ്ട്.ഇതിൽ പ്രധാന ജംഗ്ഷനിൽ ഉൾപ്പെടെ പതിനഞ്ചോളം കലുങ്കുകൾ പൂർണമായോ ഭാഗീകമായോ അടഞ്ഞുകിടക്കുകയാണ്. കാന ഒരിടത്തുമില്ല. മഴക്കാലത്ത് റോഡിൽ കല്ലും മണ്ണും നിരന്ന് വെള്ളം ഒഴുകുന്നത് വാഹനയാത്ര പോലും അസാദ്ധ്യമാക്കുന്നു. റോഡിന്റെ ഒരു വശം മലകളായതിനാൽ റോഡിലേക്ക് എത്തുന്ന വെള്ളം ഒഴിച്ചു വിടാൻ കാനകൂടിയേ കഴിയു. മുഴുവൻ കലുങ്കുകളും തുറക്കുകയും കാനകൾ കലുങ്കുകളുമായി ബന്ധിപ്പിക്കുകയും ചെയ്തതിന് ശേഷമേ ടാറിംഗ് നടത്താവൂ എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.