തണ്ണിത്തോട്: കോന്നി, റാന്നി ഡിവിഷനുകളിലെ വന സംരക്ഷണം പാളുന്നതായി റിപ്പോർട്ട്. തടി മോഷണം, മൃഗവേട്ട, ഭൂമി കയ്യേറ്റം തുടങ്ങിയ കൃത്യവിലോപങ്ങൾ രണ്ട് ഡിവിഷനുകളിലും നിയന്ത്രണമില്ലാതെ തുടരുന്നതായാണ് ഉന്നത വനപാലകരുടെ കണ്ടെത്തൽ. രണ്ട് ഡിവിഷനുകളിലുമായി കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയ 21 വനപാലകർ ഇപ്പോൾ സസ്‌പെൻഷനിലാണ്. കരുപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനതിർത്തിയിലെ തേക്കു തടി മോഷണവുമായി ബന്ധപ്പെട്ട് രണ്ട് റേഞ്ച് ഓഫീസർമാരടക്കം 13 വനപാലകരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഗുരുനാഥൻ മണ്ണ് മൃഗവേട്ട കേസിൽ വീഴ്ച വരുത്തിയ ഡപ്യൂട്ടി റേഞ്ചർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരടക്കം 4 പേർ അന്വേഷണ വിധേയമായി പുറത്തായി. റാന്നി റേഞ്ചിലെ ചേത്തയ്ക്കൽ വില്ലേജിലെ പാറയടങ്ങിയ പത്തേക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള കേസിൽ ഒരു റേഞ്ച് ഓഫീസറും 3 ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരും സസ്‌പെൻഷനിലാണ്. ഉന്നത വനപാലകരുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഇൗ പ്രദേശം വനഭൂമിയാണന്ന് കണ്ടെത്തിയത്. പത്ത് ഏക്കറിലെ മരം മുറിച്ചതിന് നഷ്ടപരിഹാരം കണക്കാക്കാൻ റവന്യു വകുപ്പ് അവശ്യപ്പെട്ടിരുന്നു. വനം വകുപ്പ് കണക്കാക്കിയ നഷ്ട പരിഹാരം കുറവാണെന്നായിരുന്നു റവന്യു വകുപ്പിന്റെ വിലയിരുത്തൽ. മരം മുറിച്ചയാളിൽ നിന്ന് 19 ലക്ഷം രൂപ റവന്യു വകുപ്പ് ഈടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 70 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ് വനം വകുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സ്‌ക്വാഡിന്റെ അന്വേഷണത്തിൽ ചേത്തയ്ക്കലിലെ ഭൂമി വനം വകുപ്പിന്റെതാണെന്നും കണ്ടെത്തി. ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനപാലകർക്കെതിരെ നടപടിയുണ്ടായി. കോന്നി, റാന്നി വനം ഡിവിഷനുകളിലെ വനപാലകരുടെ പ്രവർത്തനം കാര്യക്ഷമമല്ലന്ന് ഫ്‌ളയിംഗ് സ്‌ക്വാഡ് ഉന്നത കേന്ദ്രങ്ങളിലേക്ക് റിപ്പോർട്ട് നൽകി. എന്നാൽ ചേത്തയ്ക്കലിലെ മരം മുറിയ്ക്കലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം കാണക്കാക്കാൻ റവന്യു വകുപ്പാവശ്യപ്പെട്ടത് നടപ്പാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സസ്‌പെൻഷനെതിരെ അഡ്മി നിസ്‌ട്രേറ്റിവ് ട്രൈബ്യൂണിൽ പരാതി നൽകുമെന്നും സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർ പറഞ്ഞു.
21 വനപാലകർ സസ്‌പെൻഷനിൽ