police

കോന്നി : കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ 20 പൊലീസുകാരെ ക്വാറന്റൈനിലാക്കി. സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എസ്. രാജേഷ് ഉൾപ്പടെയുള്ള മറ്റുപൊലീസുകാർക്ക് ഇന്ന് കൊവിഡ് പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. വലഞ്ചുഴി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്റ്റേഷനിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ആറിനാണ് കോന്നിയിൽ ജോയിന്റ് ചെയ്തത്. പന്ത്രണ്ടാം തീയതി വരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. പത്തനംതിട്ട സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയ പൊലീസുകാരനെ ഹോം ക്വാറന്റൈനിൽ ആക്കുകയായിരുന്നു. പന്ത്രണ്ടാം തീയതി രാത്രി ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാരൻ കോന്നിയിലെ വിവിധ ഭാഗങ്ങളിലെ എ.ടി.എമ്മുകളിൽ സുരക്ഷാ പരിശോധനയ്ക്കും പോയിരുന്നു. പൊലീസുകാരന്റെ സമ്പർക്കപ്പട്ടികയും വിപുലമാണ്.