പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അട്ടച്ചാക്കൽ മണിയൻപാറയിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരായ 42 കുടുംബങ്ങൾ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വെട്ടൂർ സ്വദേശിയായ യുവാവ് മണിയൻപാറയിലെ ബന്ധുവീട്ടിൽ എത്തിയിരുന്നു. പത്തനംതിട്ടയിലെ വാഹന ഷോറൂമിൽ ജോലി ചെയ്യുന്ന ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് അട്ടച്ചാക്കലും ആശങ്ക ഉയർന്നത്. ഇയാൾ എത്തിയ വീട്ടിലെ ആളുകൾ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നു. ജലനിധി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലും പങ്കെടുത്തിരുന്നു. ഇതോടെയാണ് പ്രദേശത്തെ 42 കുടുംബങ്ങളിലെ അംഗങ്ങൾ നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത്. യുവാവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ സ്രവസാമ്പിളുകൾ ഇന്ന് ശേഖരിക്കും. ഇതിന്റെ പരിശോധനാഫലം വരുന്നതുവരെ നിരീക്ഷണത്തിൽ കഴിയാനാണ് നിർദ്ദേശം.