പത്തനംതിട്ട : വനം അധികൃതർ കാട്ടുപന്നിയെ കെ.ഐ.പി കനാലിൽ കുഴിച്ചിട്ടത് നാട്ടുകാർക്കുവിനയായി. കൊടുമൺ അങ്ങാടിക്കൽ തെക്ക് കൊന്നക്കോട് ജംഗ്ഷന് സമീപം കെ.ഐ.പി കനാലിനകത്താണ് ചത്ത് പഴുത്ത് കിടന്ന പന്നിയെ വനംവകുപ്പ് അധികൃതർ കുഴിച്ചിട്ടത്. പരിസരവാസികൾക്ക് അസഹ്യമായ ദുർഗന്ധമുണ്ടായപ്പോൾ പരിശോധിച്ചപ്പോഴാണ് കനാലിൽ പന്നി ചത്തുകിടക്കുന്നത് കണ്ടത്. വാർഡ് മെമ്പറെ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പന്നിയെ കനാലിൽ മണ്ണിട്ട് മൂടുകയായിരുന്നു. മഴക്കാലമായതിനാൽ കനാലിൽ ഉറവ ജലം ഒഴുകുന്നുണ്ട്. ഇതിലെ വെള്ളം സമീപത്തെ തോടുകളിലും തോപ്പുകളിലും കിണറുകളിലും ഊറിയിറങ്ങുന്നുണ്ട്. കൊവിഡ് ഭീതിയോടൊപ്പം നാട്ടുകാർക്ക് ഇതും ഭീതിയായിരിക്കുകയാണ്. അടിഭാഗം വാർത്ത കനാലിനകത്ത് അണുനശീകരണം ഒന്നും നടത്താതെയാണ് വനം അധികൃതർ മണ്ണിട്ട് മൂടിയത്.