കടമ്പനാട് : നെടുംകുന്ന് മല ടൂറിസം പദ്ധതി യാഥാർത്ഥ്യമാകാൻ ഇനി റവന്യൂവകുപ്പ് കനിയണം. രണ്ട് പതിറ്റാണ്ടായി പലവിധ തടസങ്ങൾ നീക്കി പദ്ധതി നടപ്പിലാക്കാൻ മൂന്ന്കോടി രൂപ ഫണ്ട് അനുവദിക്കുകയും അതിൽ ഒന്നരകോടിരൂപ ജില്ലാടൂറിസം ഡിപ്പാർട്ട്മെന്റിന് ലഭിക്കുകയും ചെയ്തു. അപ്പോഴാണ് ഭൂമിയുടെ അവകാശ തർക്കവുമായി റവന്യൂവകുപ്പ് രംഗത്ത് വന്നത് . തുടർന്ന് ഭൂമി ടൂറിസം ഡിപ്പാർട്ട്മെന്റിന് വിട്ടുകിട്ടാനുള്ള ശ്രമങ്ങളായി.കഴിഞ്ഞ രണ്ട് വർഷമായി ഒന്നരകോടിരൂപ കൈയിൽ വെച്ച് പദ്ധതി നടപ്പിലാക്കാൻ കാത്തിരിക്കുകയാണ് ടൂറിസം വകുപ്പ്. ഇപ്പോൾ ഭൂമി വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ആവിശ്യമെങ്കിൽ പാട്ടത്തിന് നൽകാമെന്ന് റവന്യൂവകുപ്പ് ടൂറിസം ഡിപ്പാർട്ട് മെന്റിനെ അനൗദ്യോഗികമായി അറിയിച്ചതായാണ് വിവരം. പാട്ടത്തിനെങ്കിലും കിട്ടിയാൽ മതിയെന്ന നിലപാടിൽ ടൂറിസം ഡിപ്പാർട്ട് മെന്റ് എത്തിയെങ്കിലും അതും രേഖാമൂലം റവന്യുവകുപ്പ് നൽകുന്നില്ല.അങ്ങനെ രണ്ടുവർഷമായി പന്ത് റവന്യൂവകുപ്പിന്റെ കോർട്ടിലാണ്.ശക്തമായ ഇടപെടീൽ ഉണ്ടാകാത്തതാണ് റവന്യൂവകുപ്പിന്റെ പിന്തിരിപ്പൻ നിലപാടിനുപിന്നിൽ എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

നെടുംകുന്ന് മലയുടെ ഐതീഹ്യം

ഐതിഹ്യവും പ്രകൃതിഭംഗിയും കൊണ്ട് സമ്പന്നമാണ് നെടുംകുന്ന് മല.സമുദ്രനിരപ്പിൽ നിന്നും 1600 അടിയോളം ഉയരത്തിലുള്ള നിരപ്പായ അഞ്ചേക്കർസ്ഥലം. മഹാഭാരത യുദ്ധകാലത്ത് പഞ്ചപാണ്ഡവർ ഒളിവിൽ കളിഞ്ഞതായിട്ടാണ് ഐതിഹ്യം. ഇപ്പോഴും അടൂർ പട്ടണത്തിന്റെ മനോഹാരിതകൾ നെടുംകുന്നിന്റെ ദൂരകാഴ്ചകളാണ് .

പദ്ധതിക്ക് തുടക്കം കുറിച്ചത്

2002-2003 ൽ തിരുവഞ്ചൂർരാധാഷ്ണനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത് .അഞ്ചേക്കർ സ്ഥലമുണ്ടായിരുന്നത് സമീപവാസികൾ കൈയേറിയതും,വഴിസൗകര്യമില്ലായ്മ,തുടങ്ങിപലവിധ തടസങ്ങൾ പദ്ധതിക്ക് വിനയായി.ചിറ്റയം ഗോപകുമാർ അടൂർ എം.എൽ.എയായി വന്നതിനുശേഷം സ്ഥലം അളന്ന് തിട്ടപെടുത്തുന്നതിനും കൈയേറ്റമൊഴിപ്പിക്കുന്നതിനും പുതിയ പദ്ധതി സമർപ്പിച്ച് ഫണ്ടനുവദിക്കുന്നതിനുവരെ നടപടികൾ സ്വീകരിച്ചു.

പദ്ധതികൾ

കുട്ടികൾക്കായി വിനോദ വിജ്ഞാനകേന്ദ്രം,40 മീറ്റർ ഉയരത്തിൽ വാച്ച് ടവർ,വിവിധ പ്രതിമകൾ,കളിസ്ഥലം,റോപ് വേ,താമസിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങിയവയാണ് പദ്ധതികൾ. മണക്കാല,തുവയൂർ,അന്തിച്ചിറ, സ്ഥലങ്ങളുടെ വികസനത്തിന് നെടുംകുന്ന്മല ടൂറിസംപദ്ധതി യാഥാർത്ഥ്യമായാൽ വഴിതെളിയും.