തിരുവല്ല: ഹയർസെക്കൻഡറിയിൽ നേടിയ 83ശതമാനം വിജയത്തിലും മതിമറക്കാതെ പരാജിതരെയും ഒപ്പംചേർത്ത് കുറ്റൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ മാതൃകയായി. പരാജിതരെയും രക്ഷിതാക്കളെയും ജില്ലാപഞ്ചായത്തംഗവും സ്കൂളധികൃതരും വിളിച്ചുകൂട്ടി മാർഗനിർദ്ദേശങ്ങൾ നൽകി. 22ന് രാവിലെ മുതൽ കുട്ടികൾക്ക് സൗകര്യപ്രദമായ വിധത്തിൽ ക്ലാസുകൾ നൽകും. അതിനായി വിദഗ്ദ്ധരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെയും രക്ഷിതാക്കൾ,അദ്ധ്യാപകർ,ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കും.ഹയർസെക്കൻഡറി വിജയത്തിൽ കഴിഞ്ഞവർഷം വരെ ജില്ലയിലെ 83സ്കൂളുകളിൽ അവസാന പട്ടികയിൽ ഇടംപിടിച്ചിരുന്ന സ്കൂൾ ഈവർഷം വലിയ വിജയമാണ് നേടിയത്.സയൻസ് ബാച്ചിലെ 14കുട്ടികളിൽ 11പേരും കൊമേഴ്സ് ബാച്ചിലെ 26കുട്ടികളിൽ 22പേരും ഉൾപ്പെടെയുള്ള 40കുട്ടികളിൽ 33പേരും വിജയിച്ചു. മുൻ വർഷങ്ങളിലെ നാമമാത്ര വിജയത്തിൽ നിന്നും കരകയറുവാൻ കഠിനമായ തയാറെടുപ്പാണ് സ്‌കൂൾ നടത്തിയത്. അതിനായി ജില്ലാപഞ്ചായത്ത് തയാറാക്കിയ കൈത്താങ്ങ് പദ്ധതി നടപ്പാക്കുവാൻ ജനുവരി മുതൽ ഒന്നരമാസക്കാലം തുടർച്ചയായ ദിവസങ്ങളിൽ രാത്രി ക്ലാസുകൾ ഏറ്റെടുത്തു. ക്ലാസുകളുടെ വിലയിരുത്തലിനായി എല്ലാ ആഴ്ചയിലും രക്ഷകർതൃ സംഗമങ്ങളും തൊഴിലാളികളായ രക്ഷർത്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ നൈറ്റ് പി.ടി.എയും സംഘടിപ്പിച്ചു.
മാർച്ച് ആദ്യംമുതൽ ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നത് ക്ലാസുകളെ ബാധിച്ചു. അല്ലെങ്കിൽ സമ്പൂർണ വിജയത്തിലേക്ക് എത്തുവാൻ സ്‌കൂളിന് കഴിയുമായിരുന്നതായി പ്രിൻസിപ്പൽ പി.എം രാജേഷ് പറഞ്ഞു. റിസൽട്ട് വന്നപ്പോൾ തന്നെ പരാജിതരായ കുട്ടികളെ ഫോൺ ചെയ്തും നേരിട്ടുകണ്ടും മാനസിക പിന്തുണ നൽകി. ജില്ലാപഞ്ചായത്തംഗമായ എസ്.വി സുബിന്റെ നിർദ്ദേശപ്രകാരം പരാജയപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും യോഗം വിളിച്ചുകൂട്ടി. പ്രിൻസിപ്പൽ പി.എം രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ യു.ഷാജഹാൻ, അദ്ധ്യാപകരായ ഇ.ആർ രാജേഷ്, കെ.അനിൽ, പി.എം ഹിമ എന്നിവർ സംസാരിച്ചു.