പത്തനംതിട്ട : പ്ലാസ്റ്റിക് ഷീറ്റ് കെട്ടി താമസിച്ചിരുന്ന കോഴഞ്ചേരി പിച്ചനാട്ടു കോളനിയിലെ മായയ്ക്ക് കോഴഞ്ചേരി പൗരാവലിയുടെ പ്രസിഡന്റ് ജോജി കാവുംപടിക്കൽ വീട് നിർമ്മിച്ച് നൽകി. 4,65,000 രൂപയ്ക്കാണ് രണ്ട് മുറിയും സിറ്റൗട്ടും ഒരു ബാത്റൂമും അടുക്കളയും അടക്കം 500 സ്‌ക്വയർഫീറ്റുള്ള വീട് നിർമ്മിച്ചത്. നാല് ലക്ഷം രൂപ നന്മയുള്ള ചില വ്യക്തികളും ബാക്കി തുക പൗരാവലി പ്രസിഡന്റ് തന്നെ വഹിക്കുകയായിരുന്നു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നൂറ്റിമൂന്നാം ജന്മദിന സമ്മാനമായാണ് പൗരാവലി പ്രസിഡന്റ് ഇത് നിർമ്മിച്ചത്. ഈ വീടിന്റെ താക്കോൽ ദാനം ഇന്നലെ രാവിലെ 10ന് വീണ ജോർജ്ജ് എം.എൽ.എ നിർവഹിച്ചു. മാർത്തോമ്മ പള്ളി വികാരി റവ.തോമസ് മാത്യു,ബ്ലോക്ക് അംഗം ബിജിലി പി.ഈശോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ, സിപിഎം കോഴഞ്ചേരി ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ,പൗരാവലി രക്ഷാധികാരി രാജു പുളിയിലേത്ത്,സെക്രട്ടറി ഷാജി കുഴിവേലി, ബിജോ പി. മാത്യു, ഗോപി മുരിക്കേത്ത്, അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.