തിരുവല്ല : കുറ്റൂർ പഞ്ചായത്തിലെ മുള്ളിപ്പാറ കോളനിയിൽ ഹൈടെക് സംവിധാനങ്ങളോടെ അങ്കണവാടി സജ്ജമാക്കി. പഠനമുറി എ.സി യാണ്.ഡിജിറ്റൽ പ്രൊജക്ടർ, വാട്ടർകൂളർ,പുതിയതരം കളിപ്പാട്ടങ്ങൾ, ലാപ്‌ടോപ്പ് തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയതോടെ അങ്കണവാടി ഹൈടെക്ക് ആയി. കോളനിയിലെ സ്മാർട്ട്‌ഫോണും ടി.വി.യുമില്ലാത്ത വീടുകളിലെ കുട്ടികൾക്ക് ഇവിടെ പഠനത്തിനുള്ള സൗകര്യവും ഒരുക്കിയത്. ഏഴാം വാർഡിലെ അങ്കണവാടിക്ക് നേരത്തെ 10 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം പണിതിരുന്നു. ഇപ്പോൾ മൂന്ന് ലക്ഷം രൂപ ചെലവിലാണ് ഹൈടെക് സൗകര്യവും ഏർപ്പെടുത്തിയത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ പുതിയ അങ്കണവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ചെറിയാൻ സി.തോമസ്,പ്രസന്ന സതീഷ്, ശോശാമ്മ മജു,സുനി കെ.എൽ.,സുജാ സണ്ണി എന്നിവർ സംസാരിച്ചു.