പത്തനംതിട്ട: കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ (സി.എഫ്.എൽ.ടി.സി) ആയുർവേദ പ്രതിരോധ മരുന്നുകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി മാറ്റുന്ന പ്രധാന സർക്കാർ ആയുർവേദാശുപത്രികളിൽ ഇതു കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാലയളവിൽ കരുതലോടെ കേരളം, കരുത്തേകാൻ ആയുർവേദം എന്ന സന്ദേശത്തോടെ സർക്കാർ ആരംഭിച്ച ആയുർരക്ഷാ ക്ലിനിക്കുകൾ മുഖേന ക്വാറന്റൈനീലുള്ളവർക്കു വേണ്ടി നടപ്പിലാക്കിയ അമൃതം പദ്ധതിയിലൂടെ പ്രതിരോധ മരുന്നുകൾ ഉപയോഗിച്ച 1,01,334 പേരിൽ 371 പേർ മാത്രമാണ് കൊവിഡ് പോസിറ്റീവായത്. ഇവരിലാകട്ടെ ഗുരുതര ലക്ഷണങ്ങളൊന്നുംതന്നെ ഉണ്ടായില്ല. രോഗമുക്തി വേഗത്തിലാകുകയും ചെയ്തു.
ആയുർരക്ഷാ ക്ലീനിക്കുകൾ മുഖേനയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുക, സി.എഫ്.എൽ.ടി.സികളിൽ താത്കാലിക ഡോക്ടർമാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചതായി അസോസിഷൻ പ്രസിഡന്റ് ഡോ.ആർ.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി എന്നിവർ പറഞ്ഞു.