അടൂർ : രാഷ്ട്രീയ കക്ഷികളുടെ യോഗം വിളച്ചുചേർക്കാതെയും മതിയായ കൂടിയാലോചനയുമില്ലാതെ അടൂർ നഗരസഭയിൽ നിയമവിരുദ്ധ ലോക്ഡൗൺ ഏർപ്പെടുത്തിയെന്ന് ആരോപിച്ച് ചിറ്റയം ഗോപകുമാർ എം.എൽ.എ ക്കെതിരേ യു.ഡി.എഫ്, ബി.ജെ.പി പ്രതിഷേധം.അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ, അവരുടെ പരിശോധനയിലിരുന്ന രണ്ട് ഗർഭിണികൾ,സമ്പർക്കത്തിലേർപ്പെട്ട നഴ്സ്, ആശുപത്രിക്ക് മുന്നിലെ ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവർ എന്നിവരുൾപ്പെടെ സമ്പർക്കമറിയാത്ത രോഗവ്യാപനം നഗരത്തിൽ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചിറ്റയം ഗോപകുമാർ എം.എൽ.എ ആർ.ഡി.ഒ ഓഫീസിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്തത്. ഇതിൽ യു.ഡി.എഫിന്റെയും ബി.ജെ.പിയുടേയും നേതാക്കളുമായി ആലോചിക്കാതെ ഏകപക്ഷീയമായി നഗരം അടച്ചിടാൻ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ആർ. ഡി.ഒ,തഹസീൽദാർ,പൊലീസ്,നഗരസഭാ അധികൃതർ,വ്യാപാരി വ്യവസായി ഭാരവാഹികൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്താണ് ഉറവിടമറിയാത്ത രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ ഒരാഴ്ച നഗരം പൂർണമായും അടച്ചിടാൻ തീരുമാനമെടുത്തത്. കൊവിഡ് ബാധിച്ച ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട കാരണത്താൽ നഗരസഭാ ചെയർപേഴ്സണും ക്വാറൻ്റെനിൽ പ്രവേശിച്ചിരിക്കുകയാണ്.ഇതിനിടെ സർക്കാരിൻ്റെ പ്രഖ്യാപനമില്ലെന്ന കാരണം പറഞ്ഞ് അടൂരില വിവിധ വ്യാവാരസ്ഥാപനങ്ങൾ ഇന്നലെ തുറന്ന് പ്രവർത്തിക്കാനും തുടങ്ങി.

ജില്ലാ കളക്ടറുമായി ആലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്.അതിനാലാണ് മുൻകരുതൽ എന്ന നിലയിൽ വ്യാപാരി വ്യവസായികളുടെ സഹകരണമുണ്ടായിരുന്നു.ഇതിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല.

ചിറ്റയം ഗോപകുമാർ

(എം.എൽ.എ)​

നഗരത്തിലെ രണ്ട് വാർഡുകളിൽ മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശേഷിക്കുന്ന 26 വാർഡുകളിലെ ജനപ്രതിനിധികളുമായി ആലോചിക്കാതെയും നഗരസഭയിലെ യു.ഡി.എഫ് പാർലമെൻ്ററി പാർട്ടിയുമായി ആലോചിക്കാതെയും നഗരസഭാപ്രദേശം പൂർണമായും അടച്ചിടാൻ എം.എൽ.എയുടെ നേതൃത്വത്തിൽ എടുത്ത തീരുമാനം പ്രതിഷേധാർഹമാണ്.

അഡ്വ.ബിജു വർഗീസ്,

(നഗരസഭാ കൗൺസിലർ)​

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ആലോചിക്കാതെ നടത്തിയ അടച്ചുപൂട്ടൽ ന്യായീകരിക്കാനാകില്ല. കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളേയും വിശ്വാസത്തിലെടുക്കാൻ എം. എൽ.എയും താലൂക്ക് ഭരണകൂടവും തയാറാകണം.

ബി.ജെ.പി

(അടൂർ നിയോജക മണ്ഡലം കമ്മിറ്റി)​

കൊവിഡ് രോഗവ്യാപനം മുന്നിൽ കണ്ടുകൊണ്ട് നഗരസഭയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധം അനവസരത്തിലുള്ളതാണ്.

(സി.പി.ഐ

അടൂർ ലോക്കൽ കമ്മിറ്റി)​