മല്ലപ്പള്ളി ചരിത്രത്തിലാദ്യമായി മല്ലപ്പള്ളി തിരുമാലിട ക്ഷേത്രത്തിലെ ബലിതർപ്പണം ഉപേക്ഷിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ക്ഷേത്രോപദേശക സമിതി ബലിതർപ്പണം ഉപേക്ഷിച്ച് പിതൃപൂജാ ചടങ്ങിലൊതുക്കിയത്. മണിമലയാറ്റിലെ ക്ഷേത്രക്കടവിൽ നിരവധിയാളുകൾ എത്തുക പതിവായിരുന്നെങ്കിലും ഇന്നലെ തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. 2018-ലെ പ്രളയകാലത്ത് ചടങ്ങുകൾ ഉപേക്ഷിക്കേണ്ട നിലയിൽ ജലനിരപ്പ് എത്തിയെങ്കിലും തടസപ്പെട്ടില്ല. കല്ലൂപ്പാറ, കോട്ടാങ്ങൽ ക്ഷേത്രങ്ങളിലും കുന്നന്താനം എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തിലും നടത്തിവന്ന ബലിതർപ്പണം ഉപേക്ഷിച്ചിരുന്നു. പ്രസിദ്ധമായ കോട്ടാങ്ങൽ തൃച്ചേർപ്പുറം ക്ഷേത്രത്തിൽ ആണ്ടിലൊരിക്കൽ നടത്തിവരാറുള്ള ബലിതർപ്പണവും ഗുഹാക്ഷേത്രത്തിൽ നിന്നും ഭക്തർ പതിവായി സ്വീകരിക്കാറുള്ള കളഭശേഖരണവും മുടങ്ങി. ഭക്തർ വീടുകളിലാണ് ബലിയിട്ടത്.