പത്തനംതിട്ട: ഇരുപതടി താഴ്ചയുള്ള കിണറ്റിൽ വീണ എരുമയെ അഗ്നിരക്ഷാസേന രക്ഷിച്ചു. ആനപ്പാറ ചാലുംകരോട്ടു വാവാ മൻസിലിൽ ആഷിക്കിന്റെ എരുമ ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് സമീപത്തുള്ള പൊട്ടക്കിണറ്റിൽ വീണത്. നിറയെ കുപ്പിച്ചില്ലുകളും ഇലക്ട്രോണിക് പാഴ്‌വസ്തുക്കളും നിറഞ്ഞ കിണറ്റിൽ നിന്ന് ഡെലിവറി ഹോംസ്, റോപ്പ് എന്നിവയുടെ സഹായത്തോടെ പത്തനംതിട്ട ഫയർഫോഴ്‌സ് അരമണിക്കൂറിലേറെ പണിപ്പെട്ടാണ് എരുമയെ പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ വിനോദ്‌കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സന്തോഷ്‌കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സതീഷ്, സുരേഷ്, വിവേക്, കൃഷ്ണനുണ്ണി, അനൂപ്‌ബാബു, ദിലീപ്, രഞ്ജി രവി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.