അടൂർ: സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമല്ല ഓൺലൈൻ പി.ടി.എ. മീറ്റിംഗും തുടങ്ങി.അടൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് ഓൺലൈനിൽ അദ്ധ്യാപകരും രക്ഷിതാക്കളും യോഗം ചേരുന്നത്. രക്ഷിതാക്കൾക്കൊപ്പം കുട്ടികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ടാംവർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് ഗൂഗിൾ മീറ്റ് ഉപയോഗിച്ച് പി.ടി.എ.മീറ്റിംഗ് തുടങ്ങിയത്. സ്കൂളിൽ ഏഴ് ബാച്ചുകളുണ്ട്.ഒരു ബാച്ചിൽ 60 കുട്ടികളും.ഒരു ദിവസം ഒരു ക്ലാസിലെ 30 കുട്ടികളുടെ രക്ഷിതാക്കളുടെ യോഗമാണ് നടക്കുന്നത്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളെപ്പറ്റിയും അദ്ധ്യാപകർ ഓൺലൈനിൽ എടുക്കുന്ന ക്ലാസുകളെപ്പറ്റിയും യോഗത്തിൽ ചർച്ച ചെയ്യുന്നു.കുട്ടികൾ നോട്ടുകൾ എഴുതുന്നുണ്ടോയെന്നും പഠിക്കുന്നുണ്ടോയെന്നും യോഗത്തിൽ ചർച്ച ചെയ്യുന്നു.സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും ഇതിൽ പങ്കെടുക്കുന്നുണ്ട്. പ്രിൻസിപ്പൽ സജി വർഗീസ്, സ്റ്റാഫ് സെക്രട്ടറി പി.ആർ.ഗിരീഷ് ,പി.ടി.എ.പ്രസിഡന്റ് കെ.ഹരിപ്രസാദ്, എൻ.സുരേഷ്,ഡോ.എം.ഷെബീർ, ബിനോയി സ്ക്കറിയ, ക്ലാസ്സ് അദ്ധ്യാപകർ എന്നിവരാണ് പി.ടി.എ.യോഗത്തിന് നേതൃത്വം നൽകുന്നത്.