തിരുവല്ല : സ്‌കൂട്ടറിലെത്തിയ യുവാവ് ഇരുചക്ര വാഹന യാത്രികയായ യുവതിയുടെ രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച് കടന്നു.ചാത്തങ്കരി വളവിനാരി കുന്നേൽ താരാ സുരേഷി (40) ന്റെ മാലയാണ് കവർന്നത്.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെ കാവുംഭാഗം ചാത്തങ്കരി റോഡിൽ പോത്തിരിക്കൽപ്പടിക്ക് സമീപമായിരുന്നു സംഭവം. മണിപ്പുഴയിലെ കുട്ടികളുടെ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരിയായ താര, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സംഭവങ്ങളുടെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നാലെ ആക്ടീവയിലെത്തിയ യുവാവ്, യുവതിയുടെ സ്‌കൂട്ടറിനെ ഇടിപ്പിക്കാൻ ശ്രമിക്കുന്നതും പകച്ചുപോയ യുവതിയെ മറികടന്ന് മുമ്പോട്ട് പോയശേഷം തിരികെ വന്ന് യുവതിയുടെ മാല പൊട്ടിച്ച് കടക്കുന്നതായ ദൃശ്യമാണ് സി.സി ടി.വിയിൽ പതിഞ്ഞിരിക്കുന്നത്. സംഭവം സംബന്ധിച്ച് പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.