@ സമ്പർക്ക രോഗികൾ 245
@ കുമ്പഴ കുലശേഖരപതി ക്ലസ്റ്ററിൽ 173
പത്തനംതിട്ട: കൊവിഡ് സമ്പർക്ക രോഗികൾ ഏറിയതോടെ സമൂഹവ്യാപനം തൊട്ടരികിലെന്ന് ആരോഗ്യവകുപ്പ്. സോപ്പ്, മാസ്‌ക്, സാമൂഹിക അകലം (എസ്.എം.എസ്) എന്നിവ കർശനമായി ഉറപ്പാക്കിയാൽ രക്ഷാപെടാം. ഇനിയുള്ള ദിവസങ്ങൾ അതീവ നിർണായകമാണ്.
പത്തനംതിട്ട നഗരപരിധിയിൽ സമ്പർക്ക വ്യാപനം അതിരൂക്ഷമാണ്. ജില്ലയിൽ ഇന്നലെ വരെയുള്ള സമ്പർക്കരോഗികളുടെ എണ്ണം 245 ആണ്. ഇതിൽ ഉറവിടമറിയാത്ത കേസുകൾ 17 എണ്ണമാണ്.
പത്തനംതിട്ട നഗരത്തിൽ കുമ്പഴ കുലശേഖരപതി കേന്ദ്രീകരിച്ച് രൂപംകൊണ്ടിരിക്കുന്ന ക്ലസ്റ്ററിൽ നിന്ന് 173 രോഗികളാണ് ഉണ്ടായത്. ഇതിൽ ആദ്യത്തെ മൂന്നുപേരിൽ നിന്നുള്ള വ്യാപനമാണ് 170ലെത്തിയത്. പത്തനംതിട്ട നഗരപരിധിക്ക് പുറത്തേക്ക് ഇവിടെനിന്നു വ്യാപനമുണ്ടായെന്നതാണ് ഭീഷണി. ഇതേ ക്ലസ്റ്ററിൽ രോഗികളുടെ എണ്ണം ഇപ്പോഴും തുടരുന്നു. ഇതിനെ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പത്തനംതിട്ട നഗരം അടച്ചിട്ടത്. എന്നാൽ കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ രണ്ടാഴ്ച പിന്നിട്ടപ്പോൾ ഇളവുകൾ അനുവദിച്ചു. ഇതോടെ ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ തുടങ്ങിയത് ആശങ്ക പരത്തുന്നു.
അരുവാപ്പുലം, കോന്നി, പ്രമാടം, മലയാലപ്പുഴ, മൈലപ്ര, നാരങ്ങാനം, ചെറുകോൽ, ചെന്നീർക്കര, അങ്ങാടി, പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലേക്കാണ് പത്തനംതിട്ട നഗരത്തിൽ നിന്ന് രോഗവ്യാപനം കണ്ടെത്തിയത്. ഇവിടങ്ങളിൽ സമ്പർക്കവ്യാപനം ഇതേവരെ ശ്രദ്ധയിൽപെട്ടിട്ടില്ലാത്തതിനാൽ സമൂഹവ്യാപനത്തിൽ നിന്നു രക്ഷപ്പെടാമെന്നാണ് അധികൃതരുടെ നിഗമനം. ഇനിയുള്ള ദിവസങ്ങളിലെ പരിശോധന വ്യാപകമാക്കുകയും സമ്പർക്കത്തിലുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ തയാറാകുകയും ചെയ്താൽ രോഗവ്യാപനത്തിന്റെ തീവ്രത കുറച്ചുകൊണ്ടുവരാമെന്നാണ് പ്രതീക്ഷ.
അടൂരിലെ ഡോക്ടർക്ക് പകർന്നത് കുമ്പഴയിലെ ഗർഭിണിയിൽ നിന്ന്
അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറിൽ നിന്നുള്ള ക്ലസ്റ്ററിൽ ഏഴ് രോഗികളാണ് ഇന്നലെ വരെയുള്ളത്. ഡോക്ടറുടെ ചികിത്സയിലായിരുന്ന കുമ്പഴ സ്വദേശിയായ ഒരു ഗർഭിണി പോസിറ്റീവായിട്ടുണ്ട്. ഡോക്ടർക്ക് ഇവരിൽ നിന്നാകാം രോഗം ബാധിച്ചതെന്നു സംശയിക്കുന്നു. അതിനാൽ അടൂർ ക്ലസ്റ്റർ കുമ്പഴയുമായി ബന്ധപ്പെടുത്തേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഡോക്ടറുമായി ബന്ധമുള്ള ആശുപത്രി ജീവനക്കാരിൽ ആന്റിജൻ പരിശോധന നടത്തും.
തിരുവല്ല തുകലശേരി ക്ലസ്റ്ററിൽ വെള്ളിയാഴ്ചയ്ക്കുശേഷം പുതിയ രോഗികൾ ഉണ്ടായിട്ടില്ല. 29 പേരിലാണ് രോഗം കണ്ടെത്തിയത്. സ്ഥാപന ക്ലസ്റ്ററെന്ന നിലയിൽ ഇവരെ നിരീക്ഷിച്ചുവരികയാണ്.
സമ്പർക്കരോഗികളിൽ ഏറെയും കുടുംബവ്യാപനത്തിലൊതുങ്ങുന്നുവെന്നാണ് വിലയിരുത്തൽ.
രോഗികളുമായി ബന്ധമുള്ളവരുടെ സ്വയം നിരീക്ഷണ പ്രക്രിയയും ക്വാറന്റൈനും വിജയിച്ചാൽ സമൂഹവ്യാപന ഭീഷണിയിൽ നിന്ന് ജില്ലയ്ക്കു പുറത്തുകടക്കാമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഉറവിടമറിയാത്ത രോഗികളെ സംബന്ധിച്ച അന്വേഷണങ്ങൾ തുടരുകയാണ്.