തിരുവല്ല :സ്കൂട്ടർ യാത്രക്കാരിയുടെ രണ്ടേകാൽ പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് യുവാവ് കടന്നു. ചാത്തങ്കരി വളവിനാരി കുന്നേൽ താരാ സുരേഷി (40) ന്റെ മാലയാണ് കവർന്നത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ കാവുംഭാഗം ചാത്തങ്കരി റോഡിൽ പോത്തിരിക്കൽപ്പടിക്ക് സമീപമായിരുന്നു സംഭവം. മണിപ്പുഴയിലെ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരിയായ താര, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. താരയ്ക്ക് പിന്നാലെ സ്കൂട്ടറിലെത്തിയാണ് യുവാവ് മാല പൊട്ടിച്ചത്. താരയുടെ സ്‌കൂട്ടറിൽ തന്റെ സ്കൂട്ടർ ഇടിക്കാൻ യുവാവ് ശ്രമിച്ചു. പിന്നാലെ താരയെ മറികടന്ന് മുമ്പോട്ട് പോയശേഷം തിരികെ വന്ന് മാല പൊട്ടിച്ച് കടക്കുകയായിരുന്നു. ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പുളിക്കീഴ് പൊലീസ് കേസെടുത്തു.