പത്തനംതിട്ട: ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ എടിഎമ്മുകളിലും ബാങ്കുകളിലും സാനിറ്റൈസർ നിർബന്ധമാക്കണമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ജില്ലയിൽ ഇതുവരെയായി 838 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 244 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നിട്ടുള്ളത്. ഇവരുടെ സമ്പർക്കം പൂർണമായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പ് കാര്യക്ഷമമായി ഇടപെടുകയും സമ്പർക്ക പട്ടിക തയാറാക്കുകയും വീട് വീടാന്തരം കയറി പലതരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.
പത്തനംതിട്ട നഗരസഭയിലെ എല്ലാ വാർഡുകളും, കൊവിഡ് രോഗവ്യാപനം കൂടുതലുള്ള ജില്ലയിലെ മറ്റ് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചില വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ജില്ലയിലെ എല്ലാ ബാങ്കുകളിലും, എടിഎമ്മുകളിലും ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി സാനിറ്റൈസറുകൾ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരുന്നു. എന്നാൽ, കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പല ബാങ്കുകളിലും എടിഎമ്മുകളിലും സാനിറ്റൈസറുകൾ ലഭ്യമല്ല എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രതലങ്ങളിലൂടെ കോവിഡ് വൈറസ് മറ്റൊരാളിലേക്ക് പകരുമെന്നതിനാൽ ഇത്തരം എടിഎമ്മുകളിലൂടെ കൂടുതൽ പേർക്ക് രോഗവ്യാപനം ഉണ്ടാകാൻ സാധ്യത നിലനിൽക്കുന്നു.