തിരുവല്ല: കുണ്ടും കുഴിയുമായി നഗരത്തിന് നാണക്കേടായി കിടന്ന ചെയർമാൻസ് റോഡ് മുഖം മിനുക്കുന്നു. നഗരസഭയുടെ 13 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. എം.സി റോഡിൽ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്ത് നിന്നും തുടങ്ങി പുഷ്പഗിരി റോഡുമായി ബന്ധിപ്പിക്കുന്ന ചെയർമാൻസ് റോഡ് ഏറെക്കാലമായി വെള്ളക്കെട്ടും മറ്റുമായി യാത്രക്കാർക്ക് ദുരിതമായിരുന്നു. നഗരത്തിലെ തിരക്കിൽ നിന്നൊഴിവായി പോകാൻ ഒട്ടേറെ യാത്രക്കാരാണ് റോഡിന്റെ ആശയിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്ന തിരുവല്ല ബൈപ്പാസിലേക്കും ചെയർമാൻസ് റോഡിലൂടെ യാത്രക്കാർക്ക് എത്തിച്ചേരാനാകും. എന്നാൽ സമീപത്തെ റോഡുകളൊക്കെ നവീകരിച്ചിട്ടും അറ്റകുറ്റപ്പണികളൊന്നും ഇല്ലാതെ പൊളിഞ്ഞു കിടക്കുകയായിരുന്നു ചെയർമാൻസ് റോഡ്. നഗരസഭാ ചെയർമാന്റെ പേരിലുള്ള റോഡ് ഏറെക്കാലമായി തകർന്നു കിടക്കുന്നത് നഗരസഭയ്ക്കും മാനക്കേടുണ്ടാക്കി. മുൻപ് അനുവദിച്ച ഫണ്ടുകൾ മുടങ്ങിയതോടെ വീണ്ടും തുക വകയിരുത്തിയാണ് ഇപ്പോൾ നിർമ്മാണത്തിന് കരാർ നൽകിയത്. 120 മീറ്റർ നീളത്തിൽ റോഡിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കും.

വെള്ളക്കെട്ട് ഒഴിവാക്കും


പുഷ്പഗിരി റോഡിൽ നിന്നുള്ള ഭാഗത്താണ് നിർമ്മാണം നടത്തുന്നത്. അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റോഡിന്റെ കിഴക്കുഭാഗത്ത് കോൺക്രീറ്റ് ഭിത്തികെട്ടും. ഇതിനുള്ള നടപടികൾ തുടങ്ങി. തുടർന്ന് മണ്ണിട്ടുയർത്തി ക്വാറി മക്ക് വിരിച്ച് നിരപ്പാക്കി ഇന്റർ ലോക്ക് ടൈൽ പാകി റോഡ് നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

മഴയെതുടർന്ന് ഇടയ്ക്ക് നിറുത്തിവച്ച ജോലികൾ ഇന്ന് മുതൽ തുടങ്ങുമെന്നും കാലാവസ്ഥ അനുകൂലമായാൽ നിർമ്മാണം ഉടനെ പൂർത്തിയാക്കും..

ബിന്ദു വേലായുധൻ

(മുൻസിപ്പൽ അസി.എക്സി.എൻജിനിയർ)

-120 മീറ്റർ റോഡിന്റെ നവീകരണം

-ചെലവ് 13 ലക്ഷം