food

പത്തനംതിട്ട : കുട്ടിയുടെ മാമോദിസ ചടങ്ങിൽ ഭക്ഷണംവിളമ്പിയ യുവാവിന് കൊവിഡ്. ഇതേതുടർന്ന് ഏഴ് വൈദികർ നിരീക്ഷണത്തിലായി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചു. പ്രക്കാനം തോട്ടുപുറം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരാണിവർ. കാറ്ററിംഗുകാരെ സദ്യ വിളമ്പാൻ സഹായിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വാര്യാപുരം സ്വദേശിയായ 26 വയസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാളുടെ സുഹൃത്ത് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനും രോഗം ഉള്ളതായി കണ്ടെത്തിയത്. പത്തനംതിട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാളുടെ പരിശോധനാഫലം ഞായറാഴ്ചയാണ് വന്നത്. വൈദികർക്കൊപ്പം പള്ളിയിലെ ചില ഭാരവാഹികളും പങ്കെടുത്തിട്ടുണ്ട്. നൂറോളം പേരാണ് കഴിഞ്ഞ 9ന് നടന്ന ചടങ്ങിൽ പങ്കെടുത്തത്. പങ്കെടുത്ത മിക്കവരും അന്നുമുതൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുളളതായി വിവരമുണ്ട്. പള്ളികളിലെ കുർബാനകളിലും വൈദീകർ പങ്കെടുത്തു. ഓർത്തഡോക്സ് സഭയിലെ ഒരു വൈദികന്റെ പേരക്കുട്ടിയുടെ മാമോദീസയാണ് നടന്നത്.

കുഞ്ഞിന്റെ പിതാവിന്റെ സുഹൃത്താണ് സദ്യ വിളമ്പിയ യുവാവ്. രോഗബാധിതനായിട്ടാണ് യുവാവ് എത്തിയത്. ഇയാൾ സദ്യ വിളമ്പിയതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ച അറിയിപ്പും വന്നത്.

ഭക്ഷണമൊരുക്കിയ കേറ്ററിംഗുകാർ മറ്റിടങ്ങളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നതും ആശങ്കയാകുകയാണ്.