അടൂർ : കൊവിഡ് സമ്പർക്ക രോഗവ്യാപന സാദ്ധ്യത മുന്നിൽ കണ്ട് അടൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഒാഫീസർ, എസ്.ഐ, ഒരു സീനിയർ സിവിൽ പൊലീസ് ഒാഫീസർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ ക്വാറന്റൈനിലാകുന്നതിനും സാദ്ധ്യതയുണ്ട്. സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ സ്റ്റേഷൻ ഹൗസ് ഒാഫീസറും എസ്.ഐയും സ്റ്റേഷൻ വളപ്പിലെ ക്വാർട്ടേഴ്സുകളിലാണ് നിരീക്ഷണത്തിലായത്. പൊലീസുകാർക്ക് ജനമൈത്രി പൊലീസ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലും സൗകര്യം ഒരുക്കി.
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേർ സ്റ്റേഷനിലെത്തിയതാണ് ഭീഷണിയായത്. ഇതിൽ ഒരാൾ യുവമോർച്ച പ്രവർത്തകനായ മല്ലശേരി സ്വദേശിയാണ്. താലൂക്ക് ഒാഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനിടെ പൊലീസുമായി സംഘർഷം ഉണ്ടാവുകയും നഗരസഭ കാര്യാലയത്തിൽ മതിൽ തകരുകയും ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലായതാണ് യുവാവ്. ഇയാളുമായി സി.ഐ, എസ്.ഐ എന്നിവർ ഏറെനേരം ഇടപഴകി.
കൊവിഡ് ബാധിച്ച അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടുജോലിക്കാരിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. ഇവരും കൊവിഡ് പോസിറ്റീവായ അടൂരിലെ ആട്ടോറിക്ഷ ഡ്രൈവറും പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. കൂടാതെ ചൂരക്കോട്ട് ഉണ്ടായ ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞത് രോഗം സ്ഥിരീകരിച്ച സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനോടാണ്. ഇൗ യുവാവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും നിരീക്ഷണത്തിൽ പോകേണ്ടിവരും. കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ ചിറ്റാർ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരൻ അടൂരിലെ മൂന്നുതുണിക്കടകളിൽ കയറിയിരുന്നു. ഇതേ പൊലീസുകാരൻ അടൂർ ഡിവൈ.എസ്.പി ഒാഫീസിലെ സുഹൃത്തായ മറ്റൊരു പൊലീസുകാരെ കാണാനുമെത്തി. ഒാഫീസിന്റെ തിണ്ണയിൽവച്ചാണ് ഇരുവരും സംസാരിച്ചത്. ഇതോടെ പത്തോളംപേർ ക്വാറന്റൈനിൽ പോകേണ്ടിവരുമെന്നാണ് സൂചന.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് കിഴക്ക് പൊലീസുകാരൻ കയറിയ വസ്ത്ര വ്യാപാരശാലയിൽ യാതൊരു സാമൂഹിക അകലവും പാലിക്കാതെയാണ് ഇപ്പോഴും ആളുകൾ കയറിയിറങ്ങുന്നത്. ഇവിടെ ആരോഗ്യവകുപ്പും പൊലീസും ജാഗ്രത കാണിക്കാതിരിക്കുന്നത് രോഗ വ്യാപനത്തിന് വഴിയൊരുക്കാം.