patient

തിരുവല്ല: കൊവിഡ് 19 രോഗബാധ ജില്ലയിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ കണ്ടെത്താൻ വൈകുന്നത് ആശങ്കയുയർത്തുന്നു. നഗരസഭ പ്രദേശത്ത് 250 ബെഡും പഞ്ചായത്ത് പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞത് 100 ബെഡും വീതം കണ്ടെത്തണമെന്നാണ് സർക്കാർ നിർദ്ദേശം. ഇതുപ്രകാരം തിരുവല്ല നിയോജകമണ്ഡലത്തിൽ 1350 ബെഡുകൾ കണ്ടെത്തുമെന്നും കഴിഞ്ഞദിവസം മാത്യു ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന വീഡിയോ കോൺഫറൻസിൽ തീരുമാനിച്ചിരുന്നു. എന്നാൽ തിരുവല്ല നഗരസഭയിലും കുറ്റൂർ, പെരിങ്ങര പഞ്ചായത്തുകളിലും ഇതുവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മിക്ക സ്ഥലങ്ങളിലും സർക്കാർ സ്‌കൂളുകളാണ് ഇതിനായി ഏറ്റെടുത്തിട്ടുള്ളത്. പ്രത്യേകം ബെഡുകൾ, ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇങ്ങനെയുള്ള സെന്ററുകളിൽ ഒരുക്കേണ്ടതുണ്ട്. സെന്റർ പോലും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ മറ്റു ക്രമീകരണങ്ങൾ എങ്ങനെ ഒരുക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. നെടുമ്പ്രം, നിരണം, കടപ്ര പഞ്ചായത്തുകളിൽ മാത്രമാണ് ഓരോ സെന്ററുകൾ കണ്ടെത്താൻ സാധിച്ചത്. കൊവിഡ് വ്യാപനത്തിന്റെ തീവ്രത ഉൾക്കൊണ്ട് എല്ലാ പഞ്ചായത്തുകളും രോഗത്തെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കൂടുതൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുമ്പോൾ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാനും ജാഗ്രത നിർദേശങ്ങൾ നൽകാനും ബന്ധപ്പെട്ടവർക്ക് യോഗത്തിൽ നിർദേശം നൽകിയിരുന്നു. എന്നാൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.