covid

തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പഞ്ചായത്തുകൾ ബുദ്ധിമുട്ടുന്നതിനിടെ വിഭവങ്ങളുടെ ഫലപ്രദമായ സമാഹരണത്തിലൂടെ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വേറിട്ട മാതൃകയാകുന്നു. ലോക്ക് ഡൗൺ കാലത്ത് 300 പേർക്ക് വീതം ദിവസവും ഭക്ഷണം നൽകുന്നതിനായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് വേണ്ടിവന്ന വിഭവങ്ങളും പണവും വിവിധ

സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സംഭാവനയായി ലഭിക്കുകയായിരുന്നു. ലോക്ക് ഡൗണിന് ശേഷം കമ്മ്യൂണിറ്റി കിച്ചൺ അവസാനിപ്പിച്ച് ബഡ്ജറ്റ് ഹോട്ടലിലേക്ക് മാറ്റിയപ്പോൾ നീക്കിയിരുപ്പ് വന്ന 1.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്കി. തുടർന്ന് പൂട്ടിപ്പോയ ആശുപത്രി ഏറ്റെടുത്ത് കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം 40 ബഡുകളുമായി പ്രവർത്തനം ആരംഭിച്ചപ്പോൾ ആരോഗ്യപ്രവർത്തകരുടെ രോഗികളുമായുള്ള സമ്പർക്കം കുറയ്ക്കാൻ രണ്ട് റോബോട്ടുകളെ പ്രവർത്തനക്ഷമമാക്കി. പഞ്ചായത്ത് പ്രദേശത്തെ ഹൈസ്‌കൂളിലുണ്ടായിരുന്ന റോബോട്ടിനെയാണ് ആശുപത്രിയ്ക്ക് ഉതകുന്ന രീതിയിൽ പുന:ക്രമീകരിച്ച് റോബോട്ട് നഴ്‌സിനെ സേവന സജ്ജമാക്കിയത്.

ബെഡ് ചലഞ്ചും വിജയകരം
പഞ്ചായത്ത്തലത്തിൽ 100 ബഡുകളുള്ള പ്രാഥമിക ചികിത്സാകേന്ദ്രം ഉറപ്പാക്കണമെന്ന സർക്കാർ നിർദ്ദേശവും ഇരവിപേരൂർ പഞ്ചായത്ത് വിജയകരമാക്കി. സ്വകാര്യ വ്യക്തികളുടെ കൺവെൻഷൻ സെന്റർ ഏറ്റെടുത്ത് ക്രമീകരണങ്ങൾ തുടങ്ങി. 60 ബെഡുകൾ അധികമായി ക്രമീകരിക്കേണ്ടി വന്നപ്പോൾ പഞ്ചായത്ത് ബെഡ് ചലഞ്ച് ആരംഭിച്ചു. സെന്ററിലേക്ക് വേണ്ട കട്ടിലും ബെഡും ലഭിക്കാനായിരുന്നു കാമ്പയിൻ. രണ്ട് ദിവസംകൊണ്ട് 67 കട്ടിലും 60 പുതിയ ബെഡും ലഭിച്ചു. വാർഡു മെമ്പർമാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് കട്ടിലുകൾ സെന്ററിലെത്തിച്ചു. ഇതോടൊപ്പം ആവശ്യമായ തലയിണ, ബഡ്ഷീറ്റ്, രോഗികളുടെ ഒരോരുത്തരുടേയും ഉപയോഗത്തിനു വേണ്ടിവരുന്ന പേസ്റ്റ് മുതൽ ബക്കറ്റ് വരെയുള്ള ഒൻപത് സാധനങ്ങളടങ്ങിയ കിറ്റും പൂർണ്ണമായും സംഭാവനയായി ലഭിച്ചതോടെ 65 കിടക്കകളുമായി പുതിയ ചികിത്സാ കേന്ദ്രവും റെഡി.

രോഗവ്യാപനത്തിന്റെ ആദ്യഘട്ടം മുതൽക്കുള്ള നൂറോളം സന്നദ്ധപ്രവർത്തകരുടെ കഠിനപ്രയത്നവും ഗ്രാമപഞ്ചായത്തിന്റെ ഈപ്രവർത്തനങ്ങളോട് സഹകരിക്കുന്നവർക്കും പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി നന്ദി അറിയിച്ചു.