കോന്നി : ഗവ.മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഓഫീസും സൂപ്രണ്ട് ഓഫീസും ജൂലായ് 24 ന് പ്രവർത്തനം ആരംഭിക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ പി.ബി. നൂഹും പങ്കെടുത്ത മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വ്യവസ്ഥകളോടെ പരിസ്ഥിതി അനുമതി നല്കാൻ പരിസ്ഥിതി വിലയിരുത്തൽ സമിതി ശുപാർശ നല്കിയതിനെ തുടർന്ന് ആഗസ്റ്റിൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കും. ഇതിനായി ദ്രുതഗതിയിലുള്ള ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മെഡിക്കൽ കോളേജ് കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് ആഗസ്റ്റ് അവസാനത്തോടെ മാത്രമേ കമ്മിഷൻ ചെയ്യാൻ കഴിയുകയുള്ളു എന്ന് വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗം എക്സി.എൻജിനിയർ യോഗത്തെ അറിയിച്ചു. അതുവരെ ടാങ്കറിൽ വാട്ടർ അതോറിറ്റി ആവശ്യമായ ജലം മറ്റു ട്രീറ്റ്മെന്റ് പ്ലാൻറുകളിൽ നിന്ന് എത്തിച്ചു നൽകും. ഫരീദാബാദിൽ നിന്ന് പമ്പ് സെറ്റും പോണ്ടിച്ചേരിയിൽ നിന്ന് ഫിൽറ്റർ മെറ്റീരിയലും എത്തിക്കാൻ ലോക്ക് ഡൗൺ കാരണം തടസം ഉണ്ടായി. ക്ലോറിനേഷൻ സിസ്റ്റം രണ്ട് ദിവസത്തിനകം എത്തും. ട്രീറ്റ്മെന്റ് പ്ലാന്റിനു സമീപം പാറകൾ നീക്കം ചെയ്യുന്ന ജോലി പുരോഗമിക്കുകയാണ്. ലോ ടെൻഷൻ ഇലക്ട്രിക്കൽ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടി പൂർത്തിയായി. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ആൻറണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോന്നി വിജയകുമാർ, ഡി.എം.ഒ ഡോ.എ.എൽ.ഷീജ,മെഡിക്കൽ കോളേജ് സ്പെഷ്യൽ ഓഫീസർ ഡോ.ഹരികുമാരൻ നായർ, സൂപ്രണ്ട് രഘുനാഥ് ഇടത്തിട്ട എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മറ്റുതീരുമാനങ്ങൾ
1. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ മരുന്ന് വാങ്ങും. എക്സ് റേ യൂണിറ്റ് ഉൾപ്പടെയുള്ള ആശുപത്രി ഉപകരണങ്ങളും മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി വാങ്ങും. 2. ബെഡ്, മറ്റ് ഫർണിച്ചറുകൾ തുടങ്ങിയവ സിഡ്കോയിൽ നിന്ന് വാങ്ങും.എം.എൽ.എ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപയും ഇതിനായി ഉപയോഗിക്കും.
3. 270 ടൊയ്ലറ്റുകളളുടെ നിർമ്മാണം പൂർത്തീകരിച്ചു. നാല് സെപ്റ്റിക്ക് ടാങ്കുകളുടെ നിർമ്മാണം ജൂലായ് 25നകം പൂർത്തീകരിക്കും.
4. ജൂലായ് 30 ന് മുൻപായി മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ അറ്റകുറ്റപണികൾ നടത്തും.
5. സംസ്ഥാനത്തെ ഇതര മെഡിക്കൽ കോളേജുകളിൽ നിന്ന് ജോലി ക്രമീകരണവ്യവസ്ഥയിൽ കോന്നിയിലേക്ക് ജീവനക്കാരെ എത്തിക്കും. ഉടൻ ഇതു സംബന്ധിച്ച ഉത്തരവിറങ്ങും.
കൊവിഡ് വ്യാപന സാഹചര്യം നിലനില്ക്കുമ്പോഴും മെഡിക്കൽ കോളേജ് നിർമ്മാണം തടസം കൂടാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഇടപെടലാണ് സംസ്ഥാന സർക്കാരും ആരോഗ്യ മന്ത്രിയുടെ ഓഫീസും ജില്ലാ ഭരണകൂടവും നടത്തുന്നത്.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
ലിഫ്റ്റ് കമ്മിഷൻ ചെയ്തു
കോന്നി: ഗവ.മെഡിക്കൽ കോളേജിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ടു ലിഫ്റ്റ്കളുടെ കമ്മിഷനിംഗ് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ പി.ബി.നൂഹും ചേർന്ന് നടത്തി.
മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പത്ത് ലിഫ്റ്റും, അക്കാദമിക്ക് ബ്ലോക്കിൽ രണ്ട് ലിഫ്റ്റുമാണ് സ്ഥാപിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ആശുപത്രി കെട്ടിടത്തിൽ നിർമ്മിക്കുന്ന നാലു ലിഫ്റ്റിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ടെണ്ണത്തിന്റെ കമ്മിഷനിംഗാണ് നടത്തിയത്.
20 ആളുകൾക്ക് കയറാനും, സ്ട്രക്ച്ചർ കയറ്റാനും കഴിയുന്ന ബഡ് ലിഫ്റ്റാണ് ഒരുക്കിയിട്ടുള്ളത്. ഒരു ലിഫ്റ്റിന് 35 ലക്ഷം രൂപ വീതമാണ് ചെല വഴിച്ചത്. മുംബൈ ആസ്ഥാനമായ കോൺഎ കമ്പനിയാണ് നിർമ്മാണം നടത്തിയത്.