ചെങ്ങന്നൂർ: പമ്പാനദിയിലെ മിത്രപ്പുഴ കടവിൽ സാമൂഹ്യ വിരുദ്ധർ തള്ളുന്ന കക്കൂസ് മാലിന്യം പാരിസ്ഥിതി പ്രശ്‌നങ്ങൾക്കപ്പുറം ഇവിടെ നിന്നുള്ള കുടിവെള്ള പദ്ധതിക്ക് കടുത്ത ആരോഗ്യ ഭീഷണി ഉയർത്തുന്നതായി ആശങ്ക ഉയരുന്നു. വാഹനങ്ങളിൽ എത്തിക്കുന്ന കക്കൂസ് മാലിന്യം ഇടനാട്, മിത്രപ്പുഴ എന്നിവിടങ്ങളിലെ പാലത്തിൽ നിന്ന് വ്യാപകമായി പമ്പാനദിയിലേക്ക് തള്ളുന്നത് രാത്രിയുടെ മറവിലാണെന്ന് സമീപവാസികൾ പറയുന്നു.കക്കൂസ് മാലിന്യം കൊണ്ടുവരുന്ന ടാങ്കർ ലോറി പാലത്തിൽ പാർക്ക് ചെയ്ത ശേഷം പൈപ്പ് പുഴയിലേക്കിറക്കി,ശബ്ദം കേൾക്കാതെയാണത്രെ തള്ളുന്നത്.ചെങ്ങന്നൂർ നഗരത്തിലേക്കും തിരുവല്ല, ചങ്ങനശേരി ഭാഗത്തേക്കുമുള്ള ശുദ്ധജല പദ്ധതിക്കു വേണ്ടിയുള്ള കിണർ സ്ഥാപിച്ചിരിക്കുന്നത് പമ്പയാറ്റിലെ മിത്രപ്പുഴ കടവ് പാലത്തിന് തൊട്ടു താഴെയാണ്.ഇവിടെയുള്ള പമ്പ് ഹൗസിൽ കൂടിയാണ് നദിയിലെ വെള്ളം ചെങ്ങന്നൂരടക്കമുള്ള കുടിവെള്ള സംഭരിണിയിലേക്ക് എത്തുന്നത്.ഈ വെള്ളം ക്ലോറിനേഷൻ കഴിഞ്ഞാണ് പമ്പ് ചെയ്യുന്നതെന്ന് സങ്കേതികമായി പറയാമെങ്കിലും നദിയിൽ കലരുന്ന വെള്ളം പമ്പ് ഹൗസിനോട് ചേർന്ന പദ്ധതി കിണറ്റിലേക്ക് ഊറി ഇറങ്ങുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.ഈ വെള്ളമാണ് പിന്നീട് പമ്പിംഗിലൂടെ ചെങ്ങന്നൂരിലെ ആശുപത്രികൾ,സ്‌കൂളുകൾ,പൊലീസ് സ്റ്റേഷൻ അടക്കമുള്ള സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിലേക്കും ഹോട്ടലുകൾ അടക്കമുള്ള വ്യാവസായിക വാണിജ്യ സ്ഥാപനങ്ങളിലേക്കും പൈപ്പ് ലൈൻ വഴി എത്തുന്നത്. പൊതുജനങ്ങളും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
അടിയന്തര നടപടി വേണം
കക്കൂസ് മാലിന്യ സംസ്‌കരണത്തിന് നാട്ടിലെങ്ങും തന്നെ ശാസ്ത്രീയ സംവിധാനമില്ലാത്തതാണ് കരാറുകാർ ടാങ്കറിൽ ശേഖരിക്കുന്ന ശൗചാലയമാലിന്യം പുഴകളിലും പാതയോരങ്ങളിലും ഇരുട്ടിന്റെ മറവിൽ തള്ളി രക്ഷപ്പെടുന്നത് .ഇപ്രകാരം ദിനംപ്രതി നിരവധി വാഹനങ്ങളാണ് മാലിന്യവുമായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നത്. മിത്രപ്പുഴ പാലത്തിൽ നിന്ന് കഴിഞ്ഞ ദിവസം വലിച്ചെറിഞ്ഞ മാലിന്യ ചാക്കുകളിലൊന്ന് പാലത്തിന്റെ കൈവരിയിൽ തട്ടി തൂങ്ങി നിൽക്കുന്നത് ചിത്രത്തിൽ കാണാം.
പൊതുജനങ്ങൾക്ക് ആരോഗ്യ ഭീഷണി ഉയർത്തുന്ന ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കണം
(പ്രദേശവാസികൾ)
-രാത്രിയുടെ മറവിൽ മാലിന്യം പുഴയിലേക്ക്
-നിരീക്ഷണ കാമറ സ്ഥാപിക്കണം