പത്തനംതിട്ട ; സർക്കാർ വകുപ്പുകളിലെ ഒഴിവുകളിൽ പി എസ് സി നിയമനം നടത്താതെ ആശ്രിത നിയമനങ്ങളും താത്കാലിക നിയമനങ്ങളും നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ആരോപിച്ചു. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയും താത്കാലിക നിയമനങ്ങളിലൂടെ ഡിവൈഎഫ്‌ഐ ക്കാരെയും സിപിഎമ്മുകാരെയും സർക്കാർ സ്ഥാപനങ്ങളിൽ കുത്തിത്തിരുകുകയുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് വിഭാഗങ്ങളിലും ഡ്രൈവർ തസ്തികകളിലും ടെക്‌നിക്കൽ വിഭാഗങ്ങളുമായി ധാരാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കിടക്കുന്നു. പൊലീസ് വകുപ്പിൽ വർഷത്തിൽ ഒരു നിയമനം പോലും നടത്താതെ നിരവധി ആശ്രിത നിയമനങ്ങൾ നടത്തിയിട്ടുണ്ട്. സർക്കാർ ജോലി എന്ന പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ സ്വപ്നത്തെ ഇല്ലാതാക്കുകയാണ് സർക്കാർ.