പത്തനംതിട്ട : ഇന്റർനെറ്റ് തകരാർ കാരണം ഇ പോസ് മെഷീനുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ റേഷൻ കടകളുടെ പ്രവർത്തനങ്ങൾ താറുമാറാകന്നു. സാധാനങ്ങൾ വാങ്ങാനെത്തുന്നവർ ഏറെനേരം കടയിൽ കാത്തു നിൽക്കുകയും സാമൂഹിക അകലം പാലിക്കാൻ കഴിയാതെയും വരുന്നു. സാധനങ്ങൾ കിട്ടാതെ വന്നതിനെ തുടർന്ന് മലയാലപ്പുഴയിൽ കാർഡുടമകളും റേഷൻ വ്യാപാരികളും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ തർക്കം സംഘർഷത്തിന്റെ വക്കിലെത്തിയിരുന്നു.
ആളുകൾ കൂട്ടമായി നിൽക്കാൻ പാടില്ലാത്ത കണ്ടെയ്ൻമെന്റ് സോണുകളിലെ റേഷൻ കടകൾക്കും മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇ പോസ് മെഷിനിൽ രണ്ട് സിംകാർഡുകളാണുള്ളത്. ഇതിൽ നിന്ന് നെറ്റ് ഉപയോഗിച്ചാണ് മെഷീൻ പ്രവർത്തിപ്പിക്കുന്നത്.
പോർട്ടബിലിറ്റി സംവിധാനം നടപ്പിലാക്കിയതിനാൽ കാർഡുകാർക്ക് ഏത് കടയിൽ നിന്നും റേഷൻ വാങ്ങാം. നെറ്റ് തകരാർ കാണിക്കുന്ന കടകളിലെ കാർഡുടമകൾ അടുത്ത കടകളിലേക്ക് ചെല്ലുമ്പോൾ അവിടെ തിരക്ക് അനുഭവപ്പെടുന്നു. ചില സ്ഥലങ്ങളിൽ റേഷൻ കടകളുടെ പ്രവർത്തന സമയം പരിമിതപ്പെടുത്തിയതും അടുത്ത കടകളിൽ ആൾക്കൂട്ടം ഉണ്ടാകാൻ കാരണമാകുന്നുണ്ട്. കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായതിനാൽ തങ്ങൾക്ക് സുരക്ഷിതത്വം വേണമെന്നാണ് വ്യപാരികളുടെ ആവശ്യം.
@ സ്പെഷ്യൽ അരി വിൽക്കാനാവുന്നില്ല
പൊതുവിഭാഗം റേഷൻ കാർഡുകാർക്ക് അനുവദിച്ചിരുന്ന 10 കിലോ വീതമുള്ള സ്പെഷ്യൽ അരി വാങ്ങാത്ത കാർഡുടമകൾക്ക് ഈ മാസം കൂടി വാങ്ങാമെന്ന് ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇ - പോസിൽ ക്രമീകരണം വരാത്തതിനാൽ വിൽക്കാൻ സാധിക്കുന്നില്ല.
'' നെറ്റ്‌വർക്ക് പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ റേഷൻ കടകൾ അടച്ചിടേണ്ടിവരും. സ്പെഷ്യൽ അരി നൽകാൻ ഇ-പോസിൽ ക്രമീകരണം ചെയ്യണം.
ജോൺസൺ വിളവിനാൽ,
ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.
സംസ്ഥാന വൈസ് പ്രസിഡന്റ്.
'' നെറ്റ് തകരാർ സിവിൽ സപ്ളൈസ് വകുപ്പിൽ എഴുതി അറിയിച്ചിട്ടുണ്ട്. അടിയന്തര നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അധികൃതർ.