കോന്നി : നിർദ്ദിഷ്ട കോന്നി മെഡിക്കൽ കോളേജിന് സമീപത്തേക്കുള്ള പ്രധാന പാതയായ വട്ടമൺ -നെടുംപാറ റോഡ് സഞ്ചാര യോഗ്യമാക്കാൻ നടപടി. തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡ് അടിയന്തരമായി പൂർണസഞ്ചാര യോഗ്യമാക്കണെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് റോഡ് അടിയന്തരമായി ടാറിംഗും കോൺക്രീറ്റിംഗും നടത്താനും വൻ കുഴികൾ രൂപപ്പെടുന്ന ഭാഗങ്ങളിൽ പൂട്ടുകട്ടകൾ പാകാനും എം.എൽ.എ നിർദ്ദേശം നൽകിയത്. ഈ മാസം തന്നെ പണികൾ തുടങ്ങണമെന്നും അടുത്ത മാസം ആദ്യം പണികൾ പൂർത്തീകരിച്ച് റോഡ് പൂർണസജ്ജമാക്കണമെന്നും പൊതുരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. കോന്നി മെഡിക്കൽ കോളേജ് വികനത്തിന് സാധനസാമഗ്രികൾ എത്തിക്കുന്ന റോഡ് തകർന്നിട്ട് മാസങ്ങളായെങ്കിലും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറായിരുന്നില്ല. അടുത്ത മാസം മെഡിക്കൽക്കോളേജിൽ ഒ.പി പ്രവർത്തനം ആരംഭിക്കും.പ്രധാനമന്ത്രിയുടെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിൽ ക്രമക്കേട് കാരണം അപകടങ്ങൾ പതിവായിരുന്നു.
മെഡിക്കൽ കോളേജിൽ ഒ.പി പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് വട്ടമൺ- നെടുംപാറ റോഡ് പൂർണമായും സഞ്ചാരയോഗ്യമാക്കും. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ലോക് ഡൗണും പ്രതികൂല കാലാവസ്ഥയുമായി നിർമ്മാണങ്ങൾക്ക് തടസം. പ്രതിസന്ധികൾ മറികടക്കും.
കെ.യു. ജനീഷ് കുമാർ
(എം.എൽ.എ)