police
.

അടൂർ : കൊവിഡ് സ്ഥിരീകരിച്ച രോഗികളുമായി സമ്പർക്കത്തിലേക്കപ്പെട്ട അടൂർ സ്റ്റേഷനിലെ കൂടുതൽ പൊലീസുകാർ ക്വാറന്റൈനിലേക്ക്. സി. ഐ, പ്രിൻസിപ്പൽ എസ്. ഐ എന്നിവർക്ക് പുറമേ 5 ഗ്രേഡ് എസ്. ഐ മാരും ഡ്രൈവറായ സിവിൽ പൊലീസ് ഒാഫീസറും, ഒരു സി. പി. ഒയുമാണ് ഇതുവരെ ക്വാറന്റൈനിൽ പ്രവേശിച്ചത്. സ്റ്റേഷനിൽ എത്തിയവരും രോഗം സ്ഥിരീകരിച്ച ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരുമായും സമ്പർക്കത്തിലേപ്പെട്ട കൂടുതൽ പൊലീസുകാർ ക്വാറന്റൈനിലേക്ക് പോകേണ്ട സ്ഥിതിയാണ്. കൊവിഡ് സ്ഥിരീകരിച്ചതിൽ രണ്ടുപേർ പരാതിക്കാരും മറ്റൊരാൾ മണിക്കൂറുകളോളം സ്റ്റേഷനുള്ളിൽ കസ്റ്റഡിയിൽ ഇരുന്ന ആളുമാണ്. ഇതോടെ പൊലീസുകാർ ആശങ്കയിലാണ്.

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ചിറ്റാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി പ്രവർത്തിക്കുന്ന അടൂർ ആർ. ഡി. ഒ ഒാഫീസിലും എത്തി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട കാര്യത്തിനാണ് എത്തിയത്. വിവരം അറിഞ്ഞ ആർ. ഡി. ഒ ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായത്തോടെ ഒാഫീസ് പരിസരത്ത് അണുനശീകരണം നടത്തി. ഇതേ പൊലീസുകാരനാണ് അടൂർ ഡി. വൈ. എസ്. പി ഒാഫീസിലും നഗരത്തിലെ മൂന്ന് തുണിക്കടകളിലും കയറിയത്. പൊലീസുകാരുടെ സ്രവം ശേഖരിച്ചുതുടങ്ങി. ജനറൽ ആശുപത്രി പരിസരത്ത് മറ്റുള്ളവർക്കൊപ്പം മണിക്കൂറുകൾ കാത്തിരുന്നുവേണം സാമ്പിൾ നൽകാൻ. ഇത് സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പത്തനംതിട്ടയിലേപ്പോലെ സ്റ്റേഷനിലെത്തി സാമ്പിൾ ശേഖരിച്ചാൽ ബുദ്ധിമുട്ട് ഒഴിവാക്കാം. .

സ്റ്റേഷൻ ഹൗസ് ഒാഫീസറായ സി. ഐയും പ്രിൻസിപ്പൽ എസ്. ഐയും ഉൾപ്പെടെ ക്വാറന്റൈനിൽ പ്രവേശിച്ചവർ സ്റ്റേഷൻ പരിസരത്തെ ക്വാർട്ടേഴ്സുകളിലാണ് സ്വയം നിരീക്ഷണത്തിലുള്ളത്.

ഫയർഫോഴ്സിന്റെ സ്പ്രേയർ തകരാറിലായതിനാൽ അണുനശീകരണത്തിന് സംവിധാനമില്ലാതായി. എങ്കിലും വാട്ടർനെറ്റ് ഉപയോഗിച്ച് തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ അണുനശീകരണം നടത്തി.

----------

---------------

9 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ.

അടൂർ : കൊവിഡ് ചികിത്സയ്ക്കായി അടൂർ നിയോജകമണ്ഡലത്തിൽ 9 ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ കണ്ടെത്തി സജ്ജീകരണങ്ങൾ ആരംഭിച്ചതായി ചിറ്റയം ഗോപകുമാർ എം..എൽ.. എ അറിയിച്ചു. അടൂർ, പന്തളം നഗരസഭകൾക്ക് പുറമേ ഏഴ് പഞ്ചായത്തുകളിലും സെന്ററുകൾ തുടങ്ങും.

സെന്ററുകൾ ചുവടെ- കിടക്കളുടെ എണ്ണം ബ്രായ്ക്കറ്റിൽ- അടൂർ നഗരസഭയിൽ ഗ്രീൻവാലി കൺവൻഷൻ സെന്റർ (250), പന്തളം നഗരസഭയിൽ സെന്റ് തോമസ് പാരീഷ് ഹാൾ, നാനാക്ക് ആഡിറ്റോറിയം, അർച്ചന ആശുപത്രി (280), ഏഴംകുളം പഞ്ചായത്തിൽ എം.സൺ ആഡിറ്റോറിയം (120), കടമ്പനാട്ട് രേവതി ആഡിറ്റോറിയം (100), ഏറത്ത് മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി (120), പന്തളം തെക്കേക്കരരയിൽ ഒാൾ ഇന്ത്യ പ്രയർചർച്ച് ആഡിറ്റോറിയം (100), പള്ളിക്കലിൽ തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ (100), കൊടുമണ്ണിൽ ഐക്കാട് ഗവ. ഐ. ടി. ഐ (50), തുമ്പമണ്ണിൽ സെന്റ് ജോൺ്സ് സ്കൂൾ (60).