തിരുവല്ല: സിൽവർ ലൈൻ റെയിൽ പാതയുടെ കാര്യത്തിൽ ജില്ലയിലെ എം.എൽ.എ മാർ മൗനം വെടിയണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ആവശ്യപ്പെട്ടു.നിലവിലെ അലൈൻമെന്റ് പ്രകാരം ജില്ലയ്ക്ക് യാതൊരുവിധ പ്രയോജനവും ഉണ്ടാകില്ല.11 ജില്ലകളിലൂടെ കടന്നു പോകുന്നതിൽ സ്റ്റോപ്പ് ഇല്ലാത്ത ഏക ജില്ലയാണ് പത്തനംതിട്ട. ഒറ്റ എം.എൽ.എ പോലും ഇതിനെതിരെ ശബ്ദം ഉയർത്തിയിട്ടില്ല. സിൽവർ ലൈൻ ഏതു വിധത്തിലാണ് ജില്ലയുടെ മുഖച്ഛായ മാറ്റുന്നതെന്ന് എം.എൽ.എമാർ വ്യക്തമാക്കണം.ധാരാളം വീടുകൾ പൊളിക്കേണ്ടി വരുമെന്നതിനാൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിലവിലെ റെയിൽ പാതയ്ക്ക് സമാന്തരമായി അലൈൻമെന്റ് മാറ്റി. നമ്മുടെ ജില്ലയിൽ എന്തുകൊണ്ടാണ് ഈ മാറ്റം വരുത്താത്തതെന്ന് എം.എൽ. എ മാർ വ്യക്തമാക്കണമെന്ന് കൊണ്ടൂർ ആവശ്യപ്പെട്ടു. ആറാട്ടുപുഴ ഉൾപ്പെടെ പ്രളയം ഏറ്റവും അധികം ബാധിച്ച പ്രദേശങ്ങളിലെ പാടങ്ങളിലൂടെയും തണ്ണീർത്തടങ്ങളിലൂടെയുമാണ് പാതയുടെ അലൈൻമെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഇതു ഗുരുതരമായ പരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.