ചെങ്ങന്നൂർ: മരം നടീൽ പദ്ധതി കേരളത്തിൽ സജീവമാക്കാൻ വിദ്യാലയങ്ങളിൽ കൊച്ചു കാട് ഉണ്ടാക്കുന്ന വനംവകുപ്പിന്റെ വിദ്യാ വനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫോറസ്ട്രി ക്ലബ് സജീവമായി പ്രവർത്തിക്കുന്ന ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 24 ന് രാവിലെ 11ന് സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. വിദ്യാലയങ്ങളിൽ വളരെ ചുരുങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യത്തിൽ മരങ്ങൾ നട്ടു വളർത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാ വനങ്ങൾ. ഒരു വിദ്യാ വനത്തിനായി രണ്ട് ലക്ഷം രൂപ ചെലവാകും.ജപ്പാനിലെ മിയാ വാക്കി വനവത്കരണ രീതിയോട് സാമ്യമുള്ള അത്ര ചെലവില്ലാത്ത രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികളിൽ ജൈവവൈവിദ്ധ്യ സംരക്ഷണ ബോധം, പ്രകൃതിസംരക്ഷണം, വന നിർമ്മാണ പരിചയം എന്നിവ ഉദ്ദേശിച്ചാണ് ഫോറസ്ട്രി ക്ലബുകളിലൂടെ ഈ പദ്ധതി നടപ്പിലാക്കുന്നത് .വനംവകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം തയാറാക്കിയതും സ്‌കൂളിലെ കുട്ടികൾ ശേഖരിച്ചതുമായ തൈകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വനപരിപാലന ചുമതല സ്‌കൂളിലെ ഫോറസ്ട്രി ക്ലബുകൾക്കായിരിക്കും .ചെടികളുടെ പേരും ശാസ്ത്രീയനാമവും പരിചയപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കും. പത്ത് കൊല്ലം കൊണ്ട് സ്വാഭാവിക വനത്തിന്റെഅന്തരീക്ഷം സ്‌കൂളിനോട് ചേർന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.