ചെങ്ങന്നൂർ: ജില്ലയിലെ മാർക്കറ്റുകളിലെ ആൾതിരക്കു കുറയ്ക്കാൻ ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ കർശന നിർദേശം നല്കി. മാർക്കറ്റുകളലേക്ക് വരുന്ന ചരക്കുലോറികൾക്കും കയറ്റിറക്കിനും അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സമയനിയന്ത്രണം വയ്ക്കണം. വാഹനങ്ങളുടെയും ജീവനക്കാരുടെയും പേരു വിവരങ്ങളും ലോഡിന്റെ വിവരങ്ങളും എഴുതി സൂക്ഷിക്കാൻ അതത് കടകളിൽ രജിസ്റ്റർ തയാറാക്കാനും എല്ലാ മുഖ്യമാർക്കറ്റുകളിലെ കടകളിലും എത്തുന്ന ഉപഭോക്താക്കളുടെ പേരുവിവരങ്ങൾ എഴുതിരേഖപ്പെടുത്താൻ ജീവനക്കാരനെ നിയോഗിക്കാനും ജില്ലാ കളക്ടർ വ്യാപാരികളോട് നിർദേശിച്ചു. കയറ്റിറക്കു തൊഴിലാളികളുടെയും വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണം.മാർക്കറ്റുകളിലേക്ക് പ്രവേശിക്കുന്ന ചരക്കുവാഹനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രത്യേകം മുറികളും ശുചിമുറികളും അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സജ്ജീകരിക്കണം. ഇവർ മാർക്കറ്റിലുള്ള തൊഴിലാളികളോടോ പൊതുജനങ്ങളോടൊ ഇടപഴകരുത്.കടകളിലെ ജീവനക്കാർ സാനിറ്റൈസർ, മാസ്‌ക്, കൈയുറ എന്നിവ ഉപയോഗിക്കണം. ഉപഭോക്താക്കൾക്കും സാനിറ്റൈസർ നല്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.അറുപതു വയസിനു മുകളിലുള്ളവരെ കടകളിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. വഴിവാണിഭക്കാരുടെ എണ്ണം നിയന്ത്രിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ നിർദേശം നല്കി. മാർക്കറ്റും പരിസരവും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാനും അണുനശീകരണം നടത്താനും അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.