കോന്നി : കോന്നി ഗവ. മെഡിക്കൽ കോളേജിന്റെ പിതൃത്വത്തെച്ചൊല്ലി വിവാദം . കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ മന്ത്രിയായിരുന്ന മുൻ കോന്നി എം.എൽ.എ അടൂർ പ്രകാശിന്റെ ശ്രമഫലമായാണ് അന്ന് മെഡിക്കൽ കോളേജ് അനുവദിച്ച് നിർമ്മാണം തുടങ്ങിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി എം.ബി.ബി.എസിന് അഡ്മിഷൻ നേടുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.യു.ജനീഷ് കുമാർ എം.എൽ.എ ആയതോടെ തുടർ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. യു.ഡി.എഫ് ഭരണത്തിൽ മെഡിക്കൽ കോളേജിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച എൽ.ഡി.എഫ് ഇപ്പോൾ തങ്ങളുടെ വികസന സാക്ഷാത്കാരമാണ് മെഡിക്കൽ കോളേജ് എന്ന് അവകാശപ്പെടുന്നതാണ് വിവാദത്തിന് കാരണം.
ഉമ്മൻചാണ്ടിയെയും അടൂർ പ്രകാശിനെയും അഭിനന്ദിച്ച് യു.ഡി.എഫും മുഖ്യമന്ത്രി പിണറായി വിജയനെയും കെ.യു. ജനീഷ് കുമാർ എം.എൽ.എയെയും അഭിനന്ദിച്ച് എൽ.ഡി.എഫും ആരോപണ പ്രത്യാരോപണങ്ങളുമായി സമൂഹമാദ്ധ്യമങ്ങളിൽ കൊമ്പുകോർക്കുകയാണ്. അശാസ്ത്രീയ നിർമ്മാണമാണ് മെഡിക്കൽ കോളേജിന്റേതെന്നും ഇതിന് സാങ്കേതിക അനുമതി പോലും ലഭിക്കില്ലെന്നും കോന്നിയിൽ രണ്ടു തവണ എത്തിയ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും ആദ്യഘട്ടങ്ങളിൽ വിമർശിച്ചിരുന്നു.
അടൂർ പ്രകാശ് എം.എൽ.എ ആയിരുന്ന കാലത്ത് എൽ.ഡി.എഫ് സർക്കാർ ബഡ്ജറ്റിൽ മെഡിക്കൽ കോളേജിനെ തുടർച്ചയായി അവഗണിച്ചത് അന്നും രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
----------------
യു.ഡി.എഫ്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിയായിരുന്ന അടൂർ പ്രകാശുമാണ് കോന്നി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കിയത്. അന്ന് വിമർശിച്ച എൽ.ഡി.എഫ് ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് അപഹാസ്യമാണ്. അശാസ്ത്രീയ പദ്ധതിയായാണ് അന്ന് എൽ.ഡി.എഫ് മെഡിക്കൽകോളേജിനെ വിലയിരുത്തിയത്.
എൽ.ഡി.എഫ്.
പിണറായി സർക്കാരാണ് കോന്നി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കിയത്. യു.ഡി.എഫിന്റെ കാലത്ത് മുരടിച്ചുകിടന്ന പദ്ധതി വേഗത്തിലാക്കിയത് ഇൗ സർക്കാരാണ്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം അട്ടിമറിക്കാനുള്ള യു.ഡി.എഫിന്റെ നീക്കം പ്രതിഷേധാർഹമാ
ണ്
----------------
ഓഫീസുകൾ ഇന്ന് തുടങ്ങും
പ്രവർത്തനം അടുത്തമാസം
മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഓഫീസും, സൂപ്രണ്ട് ഓഫീസും ഇന്ന് പ്രവർത്തനം തുടങ്ങും. വ്യവസ്ഥകളോടെ പരിസ്ഥിതി അനുമതി നൽകാൻ പരിസ്ഥിതി വിലയിരുത്തൽ സമിതി ശുപാർശ നല്ൽകിയതിനെ തുടർന്ന് ആഗസ്റ്റ് മാസത്തിൽ തന്നെ മെഡിക്കൽ ഒ.പി പ്രവർത്തനം ആരംഭിക്കും. ഇതിനായി ദ്രുതഗതിയിലുള്ള ഒരുക്കങ്ങൾ നടക്കുന്നു.