footpath
കുറ്റപ്പുഴ -മുത്തൂർ റോഡിൽ നടപ്പാത നിർമ്മാണം തുടങ്ങിയപ്പോൾ

തിരുവല്ല: അടുത്തകാലത്ത് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മുത്തൂർ - കുറ്റപ്പുഴ റോഡിൽ നടപ്പാത നിർമ്മാണം തുടങ്ങി. മാത്യു ടി തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാത നിർമ്മിക്കുന്നത്. മുത്തൂർ - കുറ്റപ്പുഴ റോഡ് 5.5 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പ് ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ചിട്ടുള്ളതാണ്.കുറ്റപ്പുഴ - മുത്തൂർ റോഡിന്റെ നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകിയവർക്ക് മതിൽകെട്ടി നൽകിയതിനാൽ നടപ്പാത നിർമ്മിക്കാനായി പണം തികഞ്ഞില്ല. ഇതേതുടർന്ന് മുത്തൂർ മുതൽ കുറ്റപ്പുഴ വരെയുള്ള നടപ്പാത നിർമ്മാണം പൂർത്തീകരിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. നിർമ്മാണത്തിന്റെ ചുമതല പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനാണ്. റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതയ്ക്ക് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. പണികൾക്ക് മറ്റു തടസങ്ങളില്ലെങ്കിൽ ഉടൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.