തിരുവല്ല: തിരുവല്ല പള്ളിവേട്ട ആൽ -ചക്രശാല കടവ്- കല്ലുങ്കൽ -ഇരമല്ലിക്കര വരെയുള്ള റോഡിന്റെ ഒന്നാംഘട്ട ടാറിംഗ് പൂർത്തിയായി. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡാണിത്. വെള്ളപ്പൊക്കം ഇല്ലെങ്കിൽ ബാക്കി ജോലികൾ കൂടി പൂർത്തിയാക്കാനാണ് തീരുമാനം. മണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപയാണ് റോഡിന് അനുവദിച്ചത്. പാലാത്ര കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല. മൂന്നു കിലോമീറ്ററോളം നീളമുള്ള റോഡിന് നിലവിൽ മൂന്നു മീറ്റർ വീതിയുണ്ട്. ഇത് അഞ്ചു മീറ്ററായി വർദ്ധിപ്പിച്ചാണ് റോഡ് വികസിപ്പിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമായി ആറായിരത്തോളം മീറ്റർ സ്ഥലം വികസനത്തിനായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ ജോലികളും പുരോഗമിക്കുകയാണ്. വശങ്ങളിലെ ഭൂരിഭാഗം സ്ഥലം ഉടമകളും റോഡ് വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കാൻ സന്നദ്ധരായി. മറ്റുള്ളവരുടെ സ്ഥലം വിട്ടുകിട്ടാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. നാല് കലുങ്കുകളുടെ നിർമ്മാണവും നടന്നുവരികയാണ്. ലോക്ക്ഡൗൺ കാരണം മൂന്നുമാസം വൈകിയാണ്
പൊതുമരാമത്ത് വകുപ്പ് നിർമ്മാണ ജോലികൾ ആരംഭിച്ചത്.‌ തിരുവല്ല മുതൽ ഇരമല്ലിക്കര പാലം വരെയാണ് നിർമ്മാണം നടത്തേണ്ടത്. മണിമല, പമ്പ കൈവഴികളുടെ സമീപത്തു കൂടിയായതിനാൽ വെള്ളപ്പൊക്കം ഉണ്ടായാൽ നിർമ്മാണം വൈകുമെന്ന ആശങ്കയുണ്ട്. കാലാവസ്ഥ അനുകൂലമായാൽ റോഡ് നിർമ്മാണം വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് അസി.എൻജിനീയർ ബിജിലാൽ പറഞ്ഞു.