അടൂർ : . നിയോജക മണ്ഡലത്തിലെ ഏറത്ത്, കടമ്പനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന അടൂർ - മണ്ണടി റോഡ് ആധുനിക നിലവാരത്തിലേക്ക് .അടൂരിൽ നിന്ന് മണ്ണടിയിലെത്താൻ ഏറ്റവും ദൈർഘ്യം കുറഞ്ഞ റോഡാണിത്. ആദ്യഘട്ടമായി 3 കിലോമീറ്ററാണ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക. ശേഷിക്കുന്ന ഭാഗം അടുത്ത ബഡ്ജറ്റിലൂടെ പൂർത്തീകരിക്കും. നാഷണൽ ഹൈവേയായ അടൂർ ശാസ്താംകോട്ട റോഡിൽ വെള്ളകുളങ്ങയിൽ ആരംഭിച്ച് മിനി ഹൈവേയായ കടമ്പനാട് - ഏഴംകുളം പാതയിലാണ് എത്തിച്ചേരുന്നത്. ചരിത്രപരമായ ഒട്ടേറെ പ്രധാന്യമുള്ള മണ്ണടിയിലേക്കുള്ള ഇൗ പാത ഉന്നത നിലവാരത്തിൽ നവീകരിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
2019 -20 ബഡ്ജറ്റിലാണ് രണ്ട് കോടി രൂപ അനുവദിച്ചത്. ആധുനിക രീതിയിലുള്ള ബി.എംആൻഡ് ബി.സി നിലവാരത്തിലാണ് ടാർ ചെയ്യുക. വെള്ളക്കുളങ്ങരയിൽ നിന്ന് ചൂരക്കോട് തെക്ക് ഗുരുമന്ദിരം ജംഗ്ഷൻ വരെയാണ് ആദ്യഘട്ട നവീകരണം. നിർമ്മാണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം എൽ എ നിർവഹിച്ചു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാറെജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജേഷ് അമ്പാടി, ഗ്രാമപഞ്ചായത്ത് അംഗം ടി.ഡി.സജി, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷീനാ രാജൻ, അസി: എക്സി.എൻജിനീയർ ബിനു, അസി: എൻജിനീയർ മുരുകേശ്, കവിരാജ്, അനിൽ ചൂരക്കോട്, രാജേഷ് മണക്കാല എന്നിവർ പങ്കെടുത്തു. റോഡിലെ ഒാടകളുടേയും കലുങ്കുകളുടേയും പുനർ നിർമ്മാണം നേരത്തെ നടന്നിട്ടുള്ളതിനാൽ ടാറിംഗ് ജോലികൾ മാത്രമാണ് ശേഷിക്കുന്നത്.
--------------------
6 കിലോ മീറ്റർ ദൂരം
ആദ്യ ഘട്ടമായി നവീകരിക്കുന്നത് - 3 കിലോമീറ്റർ.
നിർമ്മാണ ചെലവ് - 2 കോടി.
-----------------------
റോഡിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും. ചൂരക്കോട് ഗുരുമന്ദിരം ജംഗ്ഷൻ മുതൽ മണ്ണടി വരെയുള്ള ശേഷിക്കുന്ന 3 കിലോമീറ്റർ ഭാഗവും ഇതേ നിലവാരത്തിൽ പുനർ നിർമ്മിക്കാൻ നടപടി സ്വീകരിക്കും.
ചിറ്റയം ഗോപകുമാർ എം. എൽ. എ