കൊടുമൺ: അനുവദിക്കപ്പെട്ട പട്ടയം സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് വാങ്ങാനാവാതെ കൊച്ചുചെറുക്കൻ യാത്രയായി. കൊടുമൺ മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസി വള്ളിക്കോട് ഞക്കുനിലം കുന്നിൻമുകളിൽ വീട്ടിൽ കൊച്ചുചെറുക്കൻ (89) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ചെങ്ങറ ഭൂസമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന കൊച്ചുചെറുക്കന് കാസർകോട് മഞ്ചേശ്വരം താലൂക്കിലെ ബഡാജെ വില്ലേജിൽ അര ഏക്കർ പുറമ്പോക്ക് ഭൂമി പട്ടയമായി ലഭിച്ചിരുന്നു. ഭാര്യയെയും കൂട്ടി രണ്ടുവർഷം അവിടെ കൃഷിചെയ്തു താമസിച്ചു. ഭാര്യയുടെ മരണ ശേഷം നാട്ടിലേക്ക് മടങ്ങി. പിന്നീട് കൊടുമണ്ണിലെയും ഞക്കുനിലത്തെയും കടത്തിണ്ണകളിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ഞക്കുനിലത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ അവശനായി കിടന്ന കൊച്ചുചെറുക്കനെ അന്നത്തെ എം.എൽ.എ അടൂർ പ്രകാശും വാർഡ് അംഗം രാധാവേണുവും ചേർന്നാണ് കൊടുമൺ മഹാത്മയിലെത്തിച്ചത്.
കൊച്ചുചെറുക്കന്റെ ബഡാജെയിലെ ഭൂമിയുടെ പട്ടയം ലഭിച്ചിരുന്നില്ല. ഇതിനുള്ള അപേക്ഷ കൊടുത്തപ്പോൾ ഹൊസബോട്ട ഗ്രൂപ്പ് വില്ലേജ് ഒാഫീസർ നടപടികൾ വേഗത്തിലാക്കി. ഒരാഴ്ചക്കകം പട്ടയം വാങ്ങണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഒാഫീസറുടെ കത്തും ലഭിച്ചു. എന്നാൽ, യാത്ര ചെയ്യാനാകാതെ കൊച്ചുചെറുക്കൻ അവശനാണെന്ന വിവരം മഹാത്മാ കേന്ദ്രം അധികൃതർ ഹൊസബൊട്ട വില്ലേജ് ഒാഫീസറെ അറിയിച്ചു. ഇതേതുടർന്ന് പട്ടയം ഹൊസബൊട്ടയിൽ നിന്ന് അങ്ങാടിക്കൽ വില്ലേജ് ഒാഫീസിലേക്ക് അയച്ചുകൊടുത്തു. അന്വേഷണം നടത്തി കൈമാറണമെന്ന് അറിയിച്ച് അങ്ങാടിക്കൽ വില്ലേജ് ഒാഫീസർക്ക് കത്തും നൽകി. എന്നാൽ, ഇതിൽ നടപടിയെടുക്കാതെ അങ്ങാടിക്കൽ വില്ലേജ് ഒാഫീസിൽ നിന്ന് പട്ടയം ഹൊസബൊട്ട വില്ലേജിലേക്ക് തിരിച്ചയച്ചു. കൊച്ചുചെറുക്കൻ മന്ത്രിക്ക് പരാതി നൽകിയെങ്കിലും മറുപടിയുണ്ടായില്ല.
പട്ടയത്തിനായി കൊച്ചുചെറുക്കന്റെ കാത്തിരിപ്പ് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 26ന് കേരളകൗമുദി റിപ്പോർട്ട് നൽകിയിരുന്നു. പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയുമായി മഹാത്മ ജനസേവന കേന്ദ്രത്തിൽ കഴിയുന്നതിനിടെയാണ് കൊച്ചുചെറുക്കൻ മരിച്ചത്. മൃതദേഹം മകൻ രമേശിന്റെ വി.കോട്ടയത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.