school

അടൂർ : ഒാരോ കാട്ടുമൃഗങ്ങളും അദ്ധ്യാപകന് മുന്നിലൂടെ നടന്നു പോയപ്പോൾ വിദ്യാർത്ഥികൾ ആദ്യമൊന്നു പകച്ചു. ശാന്തനായി തലഉയർത്തി വന്ന ആനയുടെ പിന്നാലെ ഗിർ ശബ്ദവുമായി സിംഹമെത്തി. അവയെകുറിച്ചുള്ള വിവരണം കഴിഞ്ഞപ്പോഴേക്കും കടുവ, കരടി, മാൻപേടകൾ തുടങ്ങിയവ ഒന്നൊന്നായെത്തിയപ്പോൾ കുട്ടികൾക്ക് പഠനം വേറിട്ട അനുഭവമായി. ഹിന്ദി പഠനം കൂടുതൽ ആസ്വാദ്യമാക്കാൻ കാട്ടുമൃഗങ്ങളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലൂടെ ക്ളാസിലെത്തിച്ച് പുതിയ പരീക്ഷണം നടത്തി ശ്രദ്ധയനായത് പഴകുളം കെ.വി.യു.പി സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായ കെ.എസ്. ജയരാജാണ്. വിദ്യാർത്ഥികൾക്ക് മാത്രമല്ല ക്ളാസ് വീക്ഷിച്ച രക്ഷിതാക്കൾക്കും ഹിന്ദി പഠനം വേറിട്ട അനുഭവമായി. മലയാളം മീഡിയം അഞ്ചാം ക്ളാസിലെ രണ്ടാമത്തെ യൂണിറ്റിലെ കഥയാണ് ദൃശ്യങ്ങളുടെ മികവോടെ പഠിപ്പിച്ചത്. ക്ളാസ് കഴിഞ്ഞപ്പോഴേക്കും കാട്ടുമൃഗങ്ങളുടെയെല്ലാം ഹിന്ദിയിലുള്ള പേര് കുട്ടികൾ മനപാഠമാക്കി. ഒാഗ് മെന്റഡ് റിയാലിറ്റി എന്ന കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒാൺലൈൻ ക്ളാസിനായി പാഠഭാഗം തയ്യാറാക്കിയത്. ഇതേ സ്കൂളിലെ ഏഴാംക്ളാസ് വിദ്യാർത്ഥിയായ ബി. മഹാദേവനും പ്ളസ് ടു വിദ്യാർത്ഥിയായ ബി. അഭിഷേകുമാണ് സാങ്കേതിക സഹായികൾ. വിക്ടേഴ്സ് ചാനലിലെ ക്ളാസ് നിശ്ചിത സമയത്ത് തീരുന്നതിനാൽ കുട്ടികൾ പഠനത്തിൽ ശ്രദ്ധപുലർത്തുന്നില്ലെന്ന രക്ഷിതാക്കളുടെ പരാതി കേട്ടാണ് വിദ്യാർത്ഥികൾക്കായി അദ്ധ്യാപകൻ ഒാൺലൈൻ പഠനം ആരംഭിച്ചത്.

ഡിജിറ്റൽ പഠനത്തിലൂടെ കുട്ടികളെ ആകർഷിക്കാനാണ് ഇത്തരമൊരു പഠനരീതി വികസിപ്പിച്ചെടുത്തത്. വാട്സ് ആപ് ഗ്രൂപ്പ് വഴിയാണ് കുട്ടികൾക്ക് ക്ളാസ് ലഭ്യമാക്കിയത്. ജില്ലയിലെ മറ്റു സ്കൂളുകൾക്കും ആവശ്യമെങ്കിൽ ഇൗ ക്ളാസ് നൽകും.

കെ. എസ്. ജയരാജ്.

ഹിന്ദി അദ്ധ്യാപകൻ.

വേറിട്ട അനുഭവമായി കുട്ടികൾക്ക് പുതിയ പഠനരീതി. വളരെ ശ്രദ്ധയോടെയാണ് ക്ളാസ് വീക്ഷിച്ചത്. ഡിജിറ്റൽ പഠനരീതി കട്ടികൾക്ക് കൂടുതൽ അറിവ് പ്രദാനം ചെയ്യും.

എസ്. ആർ. സന്തോഷ് .

പി. ടി. എ പ്രസിഡന്റ്