പത്തനംതിട്ട: ഭായിമാർ നാടുകളിലേക്ക് മടങ്ങിയതിനെ തുടർന്ന് നിർമ്മാണ മേഖല പ്രതിസന്ധി നേരിടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. ജനപ്രതിനിധികൾക്ക് നേട്ടം അവകാശപ്പെടാനുള്ള റോഡുകളുടെയും കെട്ടിടങ്ങളുടെയും പണികൾ ഇഴയുകയാണ്. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതാണ് കാരണം. ലോക്ക് ഡൗണിൽ ജില്ലയിൽ നിന്ന് നാടുകളിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികൾ ഏറെയും നിർമാണ മേഖലയിൽ നിന്നുള്ളവരായിരുന്നു. അവർ മടങ്ങി വന്നാലെ ഇനി പണികൾ വേഗത്തിലാകൂ. അന്യസംസ്ഥാനക്കാർ മടങ്ങിവരണമെങ്കിൽ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകണം.
ജില്ല, ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി ചെറുതും വലുതമായി നൂറിലേറെ റോഡ്, കെട്ടിട നിർമാണങ്ങളാണ് ഇഴയുന്നത്. നിർമാണ തൊഴിലാളികളിൽ 70 ശതമാനവും അന്യസംസ്ഥാനക്കാരാണെന്ന് കരാറുകാർ പറയുന്നു.
@ നാട്ടിലെ പണിക്കാർ കൂലി കൂട്ടി
അന്യസംസ്ഥാനക്കാർ ഇല്ലാതായതോടെ നാട്ടിലെ പണിക്കാർ കൂലി കൂട്ടി ചോദിക്കുന്നതായി കരാറുകാർ. ആയിരം രൂപ വാങ്ങിയിരുന്ന മേസ്തിരിമാർ 1200 ചോദിക്കുന്നു. മൈക്കാടുകാരും തക്കംനോക്കി കൂലി കൂട്ടി. 700 രൂപയിൽ നിന്ന് 900 ആക്കി. പാറ,മെറ്റൽ പണിക്കാർ ഇതിലും കൂടുതൽ കൂലി ചേദിക്കുന്നുണ്ട്. ആവശ്യപ്പെടുന്ന കൂലി നൽകുന്നവരുടെ കൂടെയാണ് പണിക്കാർ പോകുന്നത്. ചിങ്ങത്തിൽ ഗൃഹപ്രവേശം നടക്കേണ്ട വീടുകളുടെ നിർമാണം നടത്തുന്ന കോൺട്രാക്ടർമാരാണ് വലയുന്നത്. സമയബന്ധിതമായി തീർക്കേണ്ട ഗവ. വർക്കുകളെയും ഇത് ബാധിക്കുന്നു. മുൻകൂട്ടി തുക ഉറപ്പിച്ചു നടത്തുന്ന പണികൾക്ക് ചെലവേറുകയാണ്.
@ വിളി കാത്ത് അന്യസംസ്ഥാന തൊഴിലാളികൾ
കൂട്ടമായി താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ലോക്ക് ഡൗൺ കാലത്ത് നാടുകളിലേക്ക് മടങ്ങിയതാണ്. തൊഴിലും വരുമാനവും നഷ്ടപ്പെട്ട ഇവർ കേരളത്തിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുകയാണ്. കോൺട്രാക്ടർമാരുമായി ഇവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്.
@ മടങ്ങി വരട്ടെ
അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങി വന്നാൽ 14 ദിവസം ക്വാറന്റൈനിൽ താമസിപ്പിച്ച ശേഷം ആരോഗ്യ പരിശോധനയും കഴിഞ്ഞ് പണി സൈറ്റുകളിൽ ഇറക്കാൻ തയ്യാറാണെന്ന് കോൺട്രാക്ടർമാർ പറയുന്നു. നാട്ടിൽ പണിക്കാരുടെ ക്ഷാമമുണ്ട്. കൂലി കൂട്ടി ചോദിക്കുകയും ചെയ്യുന്നു. ഇതുകാരണം പണികൾ ഇഴഞ്ഞാണ് മുന്നോട്ടു പോകുന്നത്.
@ തൊഴിൽ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ
1636 ലേബർ ക്യാമ്പുകളിലായി 16722 അന്യസംസ്ഥാന
തൊഴിലാളികളുണ്ടായിരുന്നു
" തൊഴിലാളി ക്ഷാമം നിർമാണരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അന്യസംസ്ഥാനക്കാരെ പരിശോധനയ്ക്ക് ശേഷം മടക്കി കൊണ്ടുവരാൻ സർക്കാർ തീരുമാനമുണ്ടാകണം.
കെ.ആർ. കൃഷ്ണകുമാർ, കോൺട്രാക്ടർ.