തിരുവല്ല: നഗരസഭയിലും കുന്നന്താനം പഞ്ചായത്തിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആരംഭിക്കാനുള്ള നടപടികൾ സജ്ജമാക്കി. തിരുമൂലപുരം സെൻ മേരീസ് കത്തോലിക്ക ചർച്ച് ഓഡിറ്റോറിയമാണ് നഗരസഭയിൽ ഏറ്റെടുത്തത്. ഇവിടെ ഏകദേശം 75 പേർക്ക് കിടക്കാവുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുത്തൂർ ശ്രീഭദ്രാ ഓഡിറ്റോറിയം, കിഴക്കൻ മുത്തൂർ ജെറുശലേം ചർച്ച് ഹാൾ എന്നിവയും ഏറ്റെടുത്തിട്ടുണ്ട്. ചികിത്സാ കേന്ദ്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ സന്ദർശിച്ചു. നഗരസഭ ചെയർമാൻ ആർ.ജയകുമാർ, തഹസിൽദാർ മിനി കെ.ജോസ്, വി ചെൽസാ സിനി, സഭാ സെക്രട്ടറി, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. കുന്നന്താനത്ത് പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകളിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. കുന്നന്താനം പാമല കിൻഫ്രയിലുള്ള അസാപ്പ് സെൻ്ററിലാണ് നൂറ് കിടക്കകളുള്ള പ്രാഥമികാരോഗ്യ കേന്ദ്രം ഒരുങ്ങുന്നത്. മൂന്ന് വലിയ ഹാളുകളിലായി നൂറ് കിടക്കകളോടെ ആശുപത്രി സജ്ജമാകും. പഞ്ചായത്തിൽ രോഗികൾ കുറയുന്ന പക്ഷം മറ്റു സ്ഥലങ്ങളിലെ രോഗികൾക്കും സൗകര്യം നൽകുവാൻ ഒരുക്കമെന്ന് പ്രസിഡൻ്റ് കെ.കെ രാധാകൃഷ്ണക്കുറുപ്പ് അറിയിച്ചു. തിരുവല്ല അർബൻ സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ. ആർ സനൽകുമാർ ഒരുക്കങ്ങൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രാധാകൃഷ്ണക്കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിൻ, പഞ്ചായത്തംഗങ്ങളായ സി.എൻ മോഹനൻ ജി ശശികുമാർ, ടി.ആർ രാജു, രജനി രതീഷ്, പ്രഭകുമാർ കീഴടി,കെ.പി രതീഷ് എന്നിവർ നേതൃത്വം നൽകി.