കൊടുമൺ: തട്ട ആര്യാട്ട് നാരായണന് പ്രായം എൺപത്തിയാറുണ്ട്. പക്ഷേ ഇൗ പ്രായത്തിലും മണ്ണിൽ പൊന്നുവിളയിക്കും അദ്ദേഹം . 12 ഏക്കറിലെ പാടത്തും പറമ്പിലും നെല്ലും പച്ചക്കറിയുമാണ്. 29 വർഷമായി ഭഗവതിയാപ്പുറം പാടശേഖര സമിതിയുടെ സജീവ പ്രവർത്തകനാണ് .
രാജസ്ഥാന്‍, അലഹബാദ്, ബറോഡ, ഭോപ്പാൽ എന്നിവിടങ്ങളിൽ 14 വര്‍ഷം പൈപ്പ് ലൈന്‍ ഫിറ്ററായി ജോലി ചെയ്ത നാരായണൻ 1982ലാണ് നാട്ടിൽ മടങ്ങിയെത്തിയത്. തുടർന്ന് കൃഷിയിലേക്ക് തിരിഞ്ഞു. ജ്യേഷ്ഠൻ ഗോപാലനെ കൃഷിയിൽ സഹായിക്കുകയായിരുന്നു ആദ്യം. പിന്നെ സ്വന്തമായി കൃഷി തുടങ്ങി. പന്ത്രണ്ടര ഏക്കറിലാണ് നെല്‍കൃഷി . മനുരത്ന , ഞവര, രക്തശാലി, ബസ്മതി എന്നിവയാണ് വിതച്ചത്. രണ്ടര ഏക്കറില്‍ പച്ചക്കറിയുമുണ്ട്. സ്വന്തമായി രണ്ടേക്കര്‍ സ്ഥലമേയുള്ളു. ബാക്കി പാട്ടത്തിനെടുത്തതാണ്. നെല്ലും പച്ചക്കറിയും വിൽപനയ്ക്കാണ്. കിഴങ്ങും കപ്പയും കാച്ചിലും ചേമ്പും ചേനയുമൊക്കെ വീട്ടാവശ്യത്തിനും. ചാണകവും ഗോമൂത്രവും വൻപയറും ചേർത്ത ജീവാമൃതമാണ് വളം . ഇതുണ്ടാക്കുന്നതിന് വെച്ചൂര്‍ പശുവിനെ വളര്‍ത്തുന്നുണ്ട്. കീടനാശിനി ഉപയോഗിക്കാറേയില്ല.
സര്‍ക്കാരിന്‍റെ സഹായമുണ്ടെങ്കിലും നെല്‍കൃഷി ലാഭകരമല്ലെന്ന് നാരായണൻ പറയുന്നു. കൃഷി മണല്‍കണ്ടത്തിലായതിനാൽ വിളവ് കുറവാണ്. എങ്കിലും കൃഷിയോട് അടങ്ങാത്ത സ്നേഹമാണ് . അവിവാഹിതനായ നാരായണൻ ജ്യേഷ്ഠന്റെ ഇളയമകനൊപ്പമാണ് താമസം.
--------------
ആഹാരം തന്നെ ആരോഗ്യം
പ്രായം തളർത്താത്ത ആവേശവുമായി പറമ്പിൽ പണിയെടുക്കുന്ന നാരാണൻ നാട്ടുകാർക്ക് അത്ഭുതമാണ്.ആഹാരത്തിലെ ശ്രദ്ധയാണ് ആരോഗ്യ രഹസ്യമെന്ന് നാരായണൻ പറയുന്നു.
ആവിയില്‍ വേവിച്ച അരിയാഹാരമാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് ഞവര അരി കൊണ്ടുള്ള കഞ്ഞിയോ ചോറോ കഴിക്കും. അത്താഴത്തിന് പഴങ്ങളോ പച്ചക്കറി ജ്യൂസോ മാത്രം. ചെറിയ മുള്ളുള്ള മീന്‍ മാത്രമേ കഴിക്കു