നാരങ്ങാനം : പുന്നോണ്, വട്ടത്തറ, വെട്ടിമൂട്ടിൽ ഭാഗങ്ങളിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായില്ല. ഒരു വർഷത്തിലേറെയായി നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലം കാണാതെ വപ്പോൾ ആറു മാസം മുമ്പ് വകുപ്പ് മന്ത്രിക്ക് പത്തനംതിട്ടയിൽ നടന്ന അദാലത്തിൽ നൽകിയ നിവേദനത്തിൽ ഈ ഭാഗത്ത് ത്രീ ഫേസ് ലൈൻ സ്ഥാപിച്ച് നൽകുന്നതിന് തീരുമാനമായെങ്കിലും ഇതുവരെയും നടപടിയായിട്ടില്ല. സന്ധ്യകഴിച്ചാൽ ലൈറ്റിനൊപ്പം മെഴുകുതിരിയും കത്തിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സന്ധ്യ കഴിഞ്ഞാൽ പ്രവർത്തിക്കില്ല. വട്ടക്കാവ് ജംഗ്ഷന് സമീപം സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമറിൽ നിന്നാണ് ഈ ഭാഗങ്ങളിലേക്ക് ഇപ്പോഴുംവൈദ്യുതി എത്തിക്കുന്നത്.അറുപതോളം വീടുകളാണ് വോൾട്ടേജില്ലാതെ ബുദ്ധിമുട്ടുന്നത്. അദാലത്തിൽ ഉണ്ടായ തീരുമാനപ്രകാരം ഈ പ്രദേശത്ത് ത്രീ ഫേസ് ലൈൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.