photo-

കോന്നി : ആന താവളത്തിലൂടെ പ്രസിദ്ധമായിരുന്ന കോന്നി ആതുരമേഖലയിലും വലിയ ഇടംകണ്ടെത്തുകയാണ്. കോന്നി ഗവ.മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഓഫീസിന്റെയും സൂപ്രണ്ട് ഓഫീസിന്റെയും പ്രവർത്തനം ഇന്നലെ ആരംഭിച്ചു. പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും കെ.യു.ജനീഷ് കുമാർ എം.എൽ.എ പൂച്ചെണ്ടു നല്കി സ്വീകരിച്ചു. ഒ.പി അടുത്ത മാസത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഓഫീസുകൾ പ്രവർത്തനം തുടങ്ങിയത്.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, അരുവാപ്പുലം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ആന്റണി, ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോന്നി വിജയകുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ എന്നിവർ പങ്കെടുത്തു.

ചുമതലയേറ്റവർ

പ്രിൻസിപ്പൽ,സൂപ്രണ്ട് അക്കൗണ്ട്‌സ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്​റ്റന്റ്, സെക്യൂരി​റ്റി അസിസ്​റ്റന്റ്, ജൂനിയർ സൂപ്രണ്ട്, ലൈബ്രേറിയൻ, നാല് ക്ലാർക്കുമാർ, ലൈബ്രറി അ​റ്റൻഡർ, രണ്ട് ഓഫീസ് അ​റ്റൻഡന്റുമാർ, ഒരു ഫുൾ ടൈം സ്വീപ്പർ.

ഡോ. സി.എസ്. വിക്രമൻ പ്രിൻസിപ്പൽ,

ഡോ. സജിത് കുമാർ സൂപ്രണ്ട്

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം തലവനായി പ്രവർത്തിച്ചുവന്ന ഡോ.സി.എസ്.വിക്രമനെയാണ് പ്രിൻസിപ്പലായി ചുമലതലയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ കമ്മ്യൂണി​റ്റി മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിച്ചു വന്ന ഡോ.സജിത് കുമാറാണ് സൂപ്രണ്ട്. മെഡിക്കൽ കോളേജിന്റെ ചുമതല പ്രിൻസിപ്പലിനും ആശുപത്രിയുടെ ചുമതല സൂപ്രണ്ടിനുമായിരിക്കും. ആശുപത്രി പ്രവർത്തനമാരംഭിക്കുന്നതിനും കോളേജ് ആരംഭിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പ്രിൻസിപ്പൽ, സൂപ്രണ്ട് ഓഫീസുകളുടെ ചുമതലയിൽ നടക്കും. ഇരുവരും കോന്നിയിൽ താമസിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.

നിർണ്ണായക ചുവടുവയ്പ്പ് :

കെ.യു. ജനീഷ് കുമാർ എം.എൽ.എ

കോന്നി മെഡിക്കൽ കോളേജ് സാക്ഷാത്കരിക്കുന്നതിനുള്ള നിർണ്ണായകമായ ചുവടുവയ്പ്പാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചതിലൂടെ നടന്നിരിക്കുന്നത്. മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുകയാണ്. കോന്നി മെഡിക്കൽ കോളേജിന് ആരോഗ്യമന്ത്റിയും ഓഫീസും നല്കുന്ന പിന്തുണ എടുത്തു പറയേണ്ടതാണ്.


പ്രവർത്തന പുരോഗതി വിലയിരുത്തി

കോന്നി : കോന്നി ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ആരംഭിക്കുന്നതിന് മുന്നോടിയായി പ്രവർത്തന പുരോഗതി വിലയിരുത്തി. മെഡിക്കൽ കോളേജിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ആശുപത്രി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ക്രമീകരണങ്ങൾ യോഗം ചർച്ച ചെയ്തു.
ജീവനക്കാർക്ക് ആവശ്യമായ താമസ സൗകര്യം ഉറപ്പുവരുത്താൻ ഫ്‌ളാറ്റുകൾ, ഹോസ്​റ്റലുകൾ തുടങ്ങിയവയുടെ നടത്തിപ്പുകാരുമായി ചർച്ച നടത്തും. കാന്റീൻ പ്രവർത്തനം ഉടൻ ആരംഭിക്കും. അനുവദിക്കുന്ന തസ്തികകളിൽ പി.എസ്.സിയാകും നിയമനം നടത്തുക. പി.എസ്.സി ലിസ്​റ്റിൽ ആളുകളെ ലഭ്യമല്ലെങ്കിൽ എംപ്ലോയിമെന്റ് എക്സേഞ്ചുകളിൽ രജിസ്ട്രേഷൻ നടത്തിയവരെ പരിഗണിക്കും. ഇതര മെഡിക്കൽ കോളേജുകളിൽ നിന്ന് വർക്കിംഗ് അറേൻജ്‌മെന്റിൽ ജീവനക്കാരെയും കോന്നിയിൽ എത്തിക്കും.
ആശുപത്രി ഉപകരണങ്ങൾ ഉടൻ വാങ്ങും. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 75 ലക്ഷം രൂപയുടെ മരുന്നും കോർപ്പറേഷൻ വാങ്ങും. ഫർണിച്ചറുകൾ സിസ്‌കോയിൽ നിന്ന് വാങ്ങും. മെഡിക്കൽ കോളേജിലേക്കുള്ള വാഹന സൗകര്യം കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തും. വിവിധ ഡിപ്പാർട്ട്‌മെൻറുകളിലേക്ക് ആവശ്യമായ ജീവനക്കാരെ ക്രമീകരിച്ച് പ്രവർത്തനം തുടങ്ങാനുള്ള അവസാന രൂപമുണ്ടാക്കാൻ പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും യോഗം ചുമതലപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ആന്റണി, പ്രിൻസിപ്പൽ ഡോ.സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ. സജിത്കുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, മ​റ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.