കോന്നി : ശബരിമല പായ്ക്കേജിൽ ഉൾപ്പെടുത്തി നവീകരിച്ച് ടാർ ചെയ്ത അരുവാപ്പുലം- പുളിഞ്ചാണി - രാധപ്പടി റോഡ് തകർന്നു. റോഡിന്റെ പല ഭാഗങ്ങളിലും കുഴികളുണ്ടായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ റോഡിലൂടെയുള്ള വാഹന, കാൽനടയാത്രകൾ പോലും ദുഷ്‌കരമാണ്. 2015ൽ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി റോഡ് നവീകരിച്ച് ടാർ ചെയ്തത്. പിന്നീട് ഈ റോഡിൽ
അറ്റകുറ്റപണികൾ നടത്താതിരുന്നതാണ് റോഡ് തകരാൻ കാരണമായത്.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയെയും,അച്ചൻകോവിൽ- ചിറ്റാർ മലയോര ഹൈവേയും ബന്ധിപ്പിക്കുന്ന റോഡാണിത്. കൊക്കാത്തോട്, കല്ലേലി,ഊട്ടുപാറ,അരുവാപ്പുലം പ്രദേശങ്ങളിലുള്ളവർക്ക് കലഞ്ഞൂർ, പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്ക് എത്താനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.
പാടം,മാങ്കോട്,തിടി,കുളത്തുമൺ,പോത്തുപാറ മേഖലയിലുള്ളവർക്ക് കോന്നി താലൂക്ക് ആസ്ഥാനത്തേക്കും, ജില്ലാ ആസ്ഥാനത്തേക്കും പോകാൻ ഈ റോഡിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.കോന്നിയിൽ നിന്ന് മാങ്കോടിനുള്ള കെ.എസ്.ആർ.ടി.സി ബസ് ഇതുവഴിയാണ് കടന്നു പോകുന്നത്.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ ടാറിംഗിനായി കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ 20 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും തുകയുടെ അപര്യാപ്തത മൂലം പണികൾക്ക് കരാറെടുക്കാൻ ആരും തയാറായില്ല. അരുവാപ്പുലം പഞ്ചായത്ത് പടി -പുളിഞ്ചാണി -രാധപ്പടി മുതുപേഴുങ്കൽ റോഡ് കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനുള്ള പട്ടികയിൽ ഉണ്ടെങ്കിലും കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ വൈകുകയാണ്.
----------------------------------------------------
അറ്റകുറ്റപ്പണികൾക്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പണികൾ ആരംഭിച്ചിട്ടില്ല. റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം
(പ്രദേശവാസികൾ)
------------------------------------------------
-ജില്ലാ പഞ്ചായത്ത് 20 ലക്ഷം അനുവദിച്ചു
-കരാറുകാർ ഏറ്റെടുത്തില്ല
-ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡ്
- അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല